ദൈവം വലിയവനാണ്, ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി നാദിർഷ.

നടൻ ദിലീപിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷാ. ദൈവം വലിയവനാണ് എന്ന് നാദിർഷാ പ്രതികരിച്ചു. നേരത്തെ, അഡ്വ. ശ്രീജിത്ത് പെരുമനയും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ആൾക്കൂട്ട വിചാരണയുടെ അന്ത്യമാണ് ഹൈക്കോടതി വിധിയെന്ന് അഭിഭാഷകൻ നിരീക്ഷിച്ചു. നീതി ലഭിച്ചുവെന്നും ദിലീപിനുള്ള ജാമ്യമല്ലിത്, ആൾക്കൂട്ട വിചാരണയുടെ അന്ത്യമാണിത് എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം കേസിൽ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന നിലപാടിൽ തന്നെയാണ് അന്വേഷണം സംഘം. പൊലീസിന് ദിലീപിനോട് വിരോധമുണ്ട്. കേരള പൊലീസിന്റെ വാദം അതേപടി പ്രോസിക്യൂഷൻ ഏറ്റുപാടുകയാണ്. വ്യാജ കുറ്റസമ്മതം ഉണ്ടാക്കാനാണ് പൊലീസ് നോക്കുന്നത് തുടങ്ങിയ വാദങ്ങളായിരുന്നു കേസിൽ പ്രതിഭാഗം ഉന്നയിച്ചത്.

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവിന് മുൻപ് ദിലീപിന്റെ ആലുവയിലെ വീടിന് മുന്നിൽ ക്രൈം ബ്രാഞ്ച് സംഘമെത്തിയിരുന്നു. ജാമ്യാപേക്ഷയിൽ ഉത്തരവ് വന്നതിന് പിന്നാലെ ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്. വെള്ളിയാഴ്ച കേസിൽ വാദം പൂർത്തിയായിരുന്നു.

കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നത്. ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ജാമ്യം നല്കിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.