നിയമസഭാ തിരഞ്ഞെടുപ്പ് : നാഗാലാന്‍ഡിലും മേഘാലയയിലും വോട്ടെടുപ്പ് തുടങ്ങി

കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് മണിക്ക് അവസാനിക്കും. റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്താന്‍ ഇരുരാജ്യങ്ങളിലേയും വോട്ടര്‍മാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. . നാഗാലാന്‍ഡില്‍ 183 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മേഘാലയയില്‍ 369 സ്ഥാനാര്‍ഥികളുടെ വിധി 21.6 ലക്ഷം വോട്ടമാര്‍ തീരുമാനിക്കും.

നാഗാലാന്‍ഡില്‍ അകുലുതോ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെബ്രുവരി 16-ന് പോളിങ് നടന്ന ത്രിപുരയ്‌ക്കൊപ്പം മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍. മേഘാലയയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമേ കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മത്സരരംഗത്തുണ്ട്.

നാഗാലാന്‍ഡില്‍ ഇത്തവണ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ 60-ല്‍ 12 സീറ്റുകള്‍ നേടിയ ബി.ജെ.പി. ഇത്തവണ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ജനവിധി തേടുന്നത്. എന്‍.ഡി.പി.പി. 40 സീറ്റിലും ബി.ജെ.പി. 20 സീറ്റിലുമാണ് മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുതോ മണ്ഡലത്തില്‍ നിന്ന് കസെറ്റോ കിമിനി വിജയച്ചിരുന്നു. തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ്ങ് ഇന്ന് നടക്കും.