ആടുജീവിതത്തിന്റെ ഓർമ്മകളിൽ കണ്ണ് നിറഞ്ഞ് ആട്ടിൻക്കൂട്ടത്തിൽ വീണ്ടും നജീബ് അജ്മാൻ

ആടുജീവിതം സിനിമക്ക് മികച്ച പ്രതികരണം നടത്തുന്നതിനിടെ നജീബ് വീണ്ടും മസ്റ കാണാനെത്തി. വീണ്ടും വരാൻ ഭയപ്പെട്ടിരുന്ന ഗൾഫിലേക്ക് രണ്ട് പതിറ്റാണ്ടിനുപ്പുറം അതിഥി ആയാണ് നജീബും കുടുംബവും എത്തിയത്.

ഭാര്യയ്ക്കും മകനുമൊപ്പമാണ് നജീബ് വീണ്ടും മണലാരണ്യത്തിലെത്തുന്നത്. അതും തീരാദുരിതങ്ങൾ മാത്രം നൽകിയ മസ്റയിലേക്ക്. അജ്മാനിൽ പ്രധാന റോഡിനോട് ചേർന്നുള്ള മസ്റ കണ്ട നജീബിന് പക്ഷെ ആശ്വാസമായിരുന്നു.

മസ്റയിലെ ജീവിതം വിവരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു. നോക്കത്താദൂരത്ത് മരുഭൂമി മാത്രം കണ്ട് കഴിഞ്ഞ മൂന്നരകൊല്ലം ആടുകളായിരുന്നു ലോകം. ആ ഓർമയിൽ അവർക്കൊപ്പം അൽപനേരം. ആടുകളെ നോക്കുന്ന പാക്കിസ്ഥാൻ സ്വദേശി ഫസയോടും പറഞ്ഞു അന്നത്തെ കഥകൾ.

കേട്ടും വായിച്ചുമറിഞ്ഞ മസ്റ നേരിട്ട കണ്ട ഞെട്ടലിലായിരുന്നു ഭാര്യ സഫിയത്തും സഫീറും. മസ്റകളിൽ ഇന്നും ഒരുപാടുപേർ ജോലിയെടുക്കുന്നുണ്ടെങ്കിലും മൊബൈൽ ഫോൺ സജീവമായതിനാൽ താൻ അനുഭവിച്ചതൊന്നും അവർക്ക് അനുഭവിക്കേണ്ടിവരില്ലെന്ന് നജീബ് കൂട്ടിച്ചേർത്തതു. ആ‍ടുജീവിതം വായിച്ചശേഷം മസ്റകളിൽ പതിനൊന്ന് വർഷമായി ഭക്ഷണമെത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഫാസിൽ മുസ്തഫയും നജീബിനെ കാണാൻ എത്തിയിരുന്നു. ഗൾഫിലെ പ്രമുഖ ട്രാവൽ ഏജൻസിയാണ് നജീബിനെയും കുടുംബത്തെയും ദുബായിലെത്തിച്ചത്.