‘ഭീകരത അടിസ്ഥാനമാക്കിയ ഒരു സാമ്രാജ്യവും നിലനില്‍ക്കില്ല’: താലിബാനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാബൂളില്‍ അധിനിവേശം നടത്തി അഫ്ഗാന്‍ ജനതയെ നരകിപ്പിക്കുന്ന താലിബാനെ പരോക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ അടിസ്ഥാനത്തില്‍ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ നിലനില്‍പ്പ് ശാശ്വതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താലിബാനെ നേരിട്ട് പരാമര്‍ശിക്കാതെയാണ് ഭീകരതയ്ക്കെതിരായ മോദിയുടെ ശക്തമായ വാക്കുകള്‍. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭീകരതയാല്‍ വിശ്വാസം തകര്‍ക്കാനാവില്ല. സോമനാഥ ക്ഷേത്രം പലതവണ ആക്രമിക്കപ്പെട്ടിരുന്നു. ക്ഷേത്രം തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ഈ ക്ഷേത്രം ഉയര്‍ത്തെഴുന്നേല്‍ക്കുമ്ബഴെല്ലാം അത് ഇത് ലോകത്തിന് തന്നെ ഏറ്റവും നല്ല മാതൃകയാണ്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും ഉയര്‍ത്തെഴുന്നേല്‍ക്കും എന്നതിന്റെ ഉദാഹരണമാണ് സോമനാഥ ക്ഷേത്രം’, പ്രധാനമന്ത്രി പറഞ്ഞു.

‘ഭീകരതയെ അടിസ്ഥാനമാക്കി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ചിന്തിക്കുന്ന ശക്തികള്‍ക്ക് കുറച്ചുകാലം ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചേക്കാം, പക്ഷേ അവരുടെ നിലനില്‍പ്പ് ശാശ്വതമല്ല. മനുഷ്യത്വത്തെ എക്കാലവും അടിച്ചമര്‍ത്താന്‍ കഴിയില്ല’ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പ്രസ്താവന അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തി വരുന്ന ആക്രമണങ്ങള്‍ക്കുള്ള പരോക്ഷ മറുപടി കൂടിയാണ്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്ത ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചിരുന്നു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ തിരിച്ചെത്തിച്ചത്. കൂടുതല്‍ പേരെ തിരികെ കൊണ്ടു വരുന്നതില്‍ രണ്ടു ദിവസത്തിനുള്ളില്‍ വ്യക്തതയുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.