കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ ബാഹുബലികളാകും; കോവിഡിനെതിരേ പോരാടാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്ലാ ചോദ്യങ്ങള്‍ക്കും പാര്‍ലമെന്‍റില്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ച ക്രിയാത്മകമാകണമെന്നും പ്രധാനമന്ത്രി എം പിമാരോട് അഭ്യര്‍ത്ഥിച്ചു. വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്‍റിന് മുന്നില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.

വിഷയങ്ങളില്‍ ശാന്തമായി മറുപടി പറയാന്‍ സര്‍ക്കാരിനെ അനുവദിക്കണം. സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കണം. ഇതാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. ജനവിശ്വാസവും വികസനവേഗവും ത്വരിതപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന് പ്രതിപക്ഷത്ത് നിന്നും ക്രിയാത്മക നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. കൊവിഡിനെ കുറിച്ച്‌ ആരോഗ്യകരമായ ചര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ബാഹുബലികളാകുമെന്നും രാജ്യത്ത് 40 ലക്ഷത്തിലേറെ വാക്‌സിന്‍ എടുത്ത ബാഹുബലികള്‍ ഉണ്ടെന്നും മോദി പറഞ്ഞു.

അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക്‌സഭ രണ്ട് മണിവരെയാണ് നിര്‍ത്തിവച്ചിരിക്കുന്നത്.