അഹങ്കാരത്തിന് പരിധിയുണ്ട്.. വിഷമിക്കേണ്ട.. ഇനിയും തിരഞ്ഞെടുപ്പുകള്‍ വരും: പ്രതിപക്ഷത്തെ ആശ്വസിപ്പിച്ച് മോദി

കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനേറ്റ തിരച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് തോറ്റാല്‍ രാജ്യം തോറ്റെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വോട്ട് ചെയ്ത രാജ്യത്തെ ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജനാധിപത്യം തോറ്റെന്ന ആരോപണത്തില്‍ രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

തിരഞ്ഞെടുപ്പില്‍ തോറ്റത് ബി ജെ പി മാധ്യമങ്ങളെ വിലക്കെടുത്താണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എങ്കില്‍ തമിഴ്നാട്ടിലും കേരളത്തിലും ആരാണ് മാധ്യമങ്ങളെ വിലക്കെടുത്തത്.

കോണ്‍ഗ്രസ് തോറ്റാല്‍ ജനാധിപത്യം തോറ്റെന്നാണ് ഇവര്‍ പറയുന്നത്. അഹങ്കാരത്തിന് പരിധിയുണ്ട്. വയനാട്ടില്‍ തോറ്റത് ജനാധിപത്യമാണോ?, തിരുവനന്തപുരത്തും റായ്ബറേലിയിലും തോറ്റത് ജനാധിപത്യമാണോയെന്നും മോദി ചോദിച്ചു.

ആത്മവിശ്വാസം നഷ്ടപ്പെട്ടവരാണ് വോട്ടിംഗ് യത്രത്തെ കുറ്റപ്പെടുത്തുന്നത്. ധൈര്യമുണ്ടെങ്കില്‍ പ്രവര്‍ത്തകരെ സജ്ജരാക്കി ജയിച്ചുവരാനാണ് രാഹുല്‍ ശ്രമിക്കേണ്ടത്. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിച്ചില്ലെന്നും മോദി പരിഹസിച്ചു.

തിരഞ്ഞെടുപ്പ് വ്യവസ്ഥകള്‍ ഇനിയും പരിഷ്‌ക്കരിക്കണം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.