ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നു; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യ സാമ്പത്തിക പുരോഗതിയിലേക്ക് വലിയ ചുവടുവയ്പുകൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മൻ കി ബാത്തിന്റെ എൺപത്തിയേഴാമത് എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021-22 സാമ്പത്തിക വർഷത്തിൽ 400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. ‘കഴിഞ്ഞയാഴ്ച, ഇന്ത്യ 400 ബില്യൺ ഡോളർ അതായത് 30 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതി ചെയ്തു. ആദ്യഘട്ടത്തിൽ, ഇത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയമായി വന്നേക്കാം, പക്ഷേ സമ്പ‌‌ദ്‌‌‌‌വ്യസ്ഥയെക്കാൾ, അത് ഇന്ത്യയുടെ കഴിവുമായും സാദ്ധ്യതകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനർത്ഥം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നു എന്നാണ്.’ – പ്രധാനമന്ത്രി പറഞ്ഞു.

മുപ്പത്തടം നാരായണനെയും പ്രധാനമന്ത്രി പ്രശംസിച്ചു. പക്ഷി മൃഗാദികൾക്ക് വെള്ളം നൽകാൻ ഒരു ലക്ഷത്തോളം മൺപാത്രങ്ങളാണ് അദ്ദേഹം വിതരണം ചെയ്തതെന്ന് മോദി പറഞ്ഞു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവതുടങ്ങിയ സംസ്ഥാനങ്ങളിലെബിജെപിയുടെ വിജയത്തിന് ശേഷം ആദ്യമായാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമാണ് മൻ കി ബാത്ത്, എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്ടോബർ മൂന്നിനാണ് മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.