മെട്രോമാന്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും, ശരണം വിളികളോടെ പത്തനംതിട്ടയില്‍ പ്രസംഗിച്ച് മോദി

കോന്നി:ബി ജെ പിയെ അധികാരത്തില്‍ എത്തിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാന്‍ ഇ ശ്രീധരന്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ആളാകുമെന്നും അദ്ദേഹം പറഞ്ഞു.

ശരണം വിളികളാേടെ പ്രസംഗം തുടങ്ങിയ മോദി പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ പറയുകയും. കവി പന്തളം കേരളവര്‍മയെ അനുസ്മരിക്കുകയും ചെയ്തു. കഠിനാദ്ധ്വാനം ചെയ്യുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു. കേരളം ഏറെ മാറിക്കഴിഞ്ഞു. അതിന് തെളിവാണ് ഇവിടെ കാണുന്ന ജനക്കൂട്ടം. ഡല്‍ഹിയിലിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കേരളത്തിന്റെ മാറ്റം മനസിലാകുന്നില്ല. ഇത് ഭഗവാന്‍ അയ്യന്റെ നാടാണ്. ആത്മീയതയുടെ നാട്ടില്‍ എത്താന്‍ ക‌ഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നുണ്ട്.

കേരളത്തിലെ ജനങ്ങള്‍ യു ഡി എഫിനോടും എല്‍ ഡി എഫിനോടും നിങ്ങള്‍ വേണ്ട എന്ന് ആവശ്യപ്പെടുകയാണ്. ഇവിടത്തെ ജനങ്ങങ്ങള്‍ ബി ജെ പിയുടെ വികസന അജണ്ടകള്‍ അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്. ബി ജെ പിയെ അധികാരത്തിലെത്തിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായിരിക്കുയാണ്. പ്രൊഫഷണലുകളായ ആളുകള്‍ ഭാരതീയ ജനാപാര്‍ട്ടിയെ അനുഗ്രഹിക്കുന്നത് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. മെട്രോമാനെപ്പോലുള്ള ഏറ്റവും ആദരിക്കുന്ന വ്യക്തിയുടെ രാഷ്ട്രീയ പ്രവേശം എല്ലാ കണക്കുകൂട്ടലുകളെയും തകര്‍ത്തിരിക്കുകയാണ്. ഇരുമുന്നണികളും എല്ലാമേഖലകളെയും കൊള്ളയടിച്ചു. അവര്‍ക്ക് ജനങ്ങളോട് പകയാണ്-പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോഴും തുടരുകയാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. ആറന്മുള കണ്ണാടിയാണ് അദ്ദേഹത്തിന് ഉപഹാരമായി നല്‍കി. കോന്നിയിലെ യോഗത്തിനുശേഷം കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രചാരണ യോഗത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തും. വൈകിട്ട് 5ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനമാണ് പരിപാടി. ജില്ലയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും.കഴിഞ്ഞ ദിവസം പാലക്കാട് കോട്ട മൈതാനിയിലെ റാലിയിലും മോദി പങ്കെടുത്തിരുന്നു.