നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും മകൻ രാഹുൽ ഗാന്ധിയെയും വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

ന്യൂഡൽഹി. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മകൻ രാഹുൽ ഗാന്ധിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും.

കോടതിയിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇരുവർക്കും ഇഡി പുതിയ സമൻസ് അയച്ചേക്കും. സോണിയ, രാഹുൽ, ഓസ്‌കാർ ഫെർണാണ്ടസ്, അന്തരിച്ച മോത്തിലാൽ വോറ, സാം പിട്രോഡ എന്നിവർക്ക് എതിരെ 2012-ലാണ് സുബ്രഹ്‌മണ്യം സ്വാമി നാഷണൽ ഹെറാൾഡ് കേസ് ഫയൽ ചെയ്തത്.

കേസിൽ കഴിഞ്ഞ രണ്ടുദിവസമായി കോൺഗ്രസ് മുൻ ട്രഷറർ പവൻ ബൻസലിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്. ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസിൽ ഉൾപ്പടെ നടത്തിയ റെയ്ഡുകളിൽ ലഭിച്ച രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ബൻസാലിനെ ഇഡി ചോദ്യം ചെയ്യുന്നത്.

2010-ൽ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ ലിമിറ്റഡ് പത്രം പ്രസിദ്ധീകരിച്ച അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ( എജെഎൽ ) ഏറ്റെടുക്കുമ്പോൾ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. 2022ൽ സോണിയ, രാഹുൽ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസൽ തുടങ്ങിയവരെ ഇഡി ഒന്നിലധികം തവണ ചോദ്യം ചെയ്തിരുന്നു. സോണിയയെ മൂന്ന് ദിവസവും രാഹുലിനെ അഞ്ച് ദിവസവുമാണ് ചോദ്യം ചെയ്തത്. എന്നാൽ കോടികളുടെ വെട്ടിപ്പ് നടന്ന കേസുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് ഇരുവരും ഇഡിയെ അറിയിച്ചത്.

സംഭവത്തിൽ മോദി സർക്കാരും ഭരണകക്ഷിയായ ബിജെപിയും ഏജൻസികളുടെ സഹായത്തോടെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.