ജിഷയുടെ മാതാവിന് സഹായം ചെയ്യേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു

നിയമ വിദ്യാര്‍ത്ഥി ജിഷയുടെ മാതാവിന് സഹായം ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് പ്രമുഖ സിനിമ നിര്‍മ്മാതാവും ചാരിറ്റി പ്രവര്‍ത്തകനുമായ നൗഷാദ് ആലത്തൂര്‍ പറഞ്ഞു. ജയറാം, രമ്യാകൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ആടുപുലിയാട്ടം എന്ന സിനിമ നൗഷാദ് ആലത്തൂരിന്റെയും പങ്കാളിത്തത്തോടെയാണ് നിര്‍മ്മിച്ചത്.

ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്താണ് പെരുമ്പാവൂരിലുള്ള നിയമ വിദ്യാര്‍ത്ഥി ജിഷ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നതും അതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ കേരളമാകെ കത്തിപ്പടരുന്നതും. ആടുപുലിയാട്ടം തിയേറ്ററില്‍ വന്‍ വിജയമായതിനെ തുടര്‍ന്ന് ഇതിന്റെ നിര്‍മ്മാതാക്കളായ നൗഷാദ് ആലത്തൂരും മറ്റും ചേര്‍ന്ന് ജിഷയുടെ മാതാവിന് വീട്ടില്‍ ചെന്ന് ഒരു തുകയുടെ ചെക്ക് നല്‍കിയിരുന്നു. നടന്‍ ജയറാമും ഇവര്‍ക്കൊപ്പം ജിഷയുടെ വീട്ടില്‍ പോയിരുന്നു. മകള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മാതാവിന്റെ അപ്പോഴത്തെ അവസ്ഥ വളരെ ദയനീയമായിരുന്നു എന്ന് അറിഞ്ഞതിനാലാണ് അവര്‍ക്ക് സഹായം നല്‍കിയത്. എന്നാല്‍ പിന്നീട് ജിഷയുടെ മാതാവിന്റെ ജീവിത രീതി ആകെ മാറിയെന്നും അവരുടെ സംസാരവും പെരുമാറ്റവും മറ്റാര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധമായെന്നും ഇതെല്ലാം കാണുമ്പോള്‍ അവര്‍ക്ക് സഹായം ചെയ്യേണ്ടിയിരുന്നില്ല എന്നും പിന്നീട് തോന്നിയിട്ടുണ്ടെന്ന് നൗഷാദ് ആലത്തൂര്‍ പറഞ്ഞു.

ജിഷയുടെ അമ്മ മകളുടെ കേസ് നടത്തുന്നതിലേ ചില വീഴ്ച്ചകൾ പോലും ജീവിത സൗഭാഗ്യങ്ങൾ വന്നപ്പോൾ മറന്നു പോയിരുന്നു. മകളുടെ മരണത്തിനെ തുടർന്ന് ഒരു കോടിയോളം വരുന്ന സഹായവും, കൂടാതെ ഭവനവും എല്ലാം ആയപ്പോൾ ജിഷയുടെ അമ്മ ജിഷയുടെ പിതാവിനെ പോലും മറക്കുകയായിരുന്നു. അതിൽ നിന്നും ഇത്തിരി പണം എടുത്ത് ആ പിതാവിന്റെ ചികിൽസക്ക് പോലും അവർ നല്കിയില്ല എന്നും പറയുന്നു. ഒടുവിൽ പരിചരണവും ചികിൽസയും കിട്ടാതെ പട്ടിണിയുമായായിരുന്നു ജിഷയുടെ പിതാവ് ഈ ലോകം വിടുകയായിരുന്നു.

21 വര്‍ഷമായി പ്രവാസിയായ നൗഷാദ് ആലത്തൂര്‍ സിനിമയുയുടെ ലോകത്ത് എത്തിയിട്ട് ഏഴ് വര്‍ഷങ്ങള്‍ ആകുന്നതേയുള്ളു. യാദൃച്ഛികമായിട്ടാണ് ഇദ്ദേഹം സിനിമയിലേക്ക് എത്തപ്പെട്ടതും. പ്രവാസിയായിരുന്ന സമയത്ത്, സിനിമയുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിവില്ലാതിരുന്ന സമയത്താണ് ഒരു തിരക്കഥയുമായി ഒരാള്‍ നൗഷാദിനെ സമീപിക്കുന്നത്. മനസ്സില്‍ സിനിമയോട് ഒരു താല്പര്യം ഉണ്ടായിരുന്നത് കൊണ്ട് സുഹൃത്തായിരുന്ന കലാഭവന്‍ നവാസിനോട് ഈ കാര്യം സംസാരിച്ചു. ആ സിനിമ ചെയ്യണമെന്ന് താല്പര്യം ഉണ്ടായിരുന്നെങ്കിലും പ്രവാസി ജീവിതത്തിന്റെ തിരക്കിനിടയില്‍ അതില്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല. പിന്നീട് കുറേ നാളുകള്‍ക്ക് ശേഷം കലാഭവന്‍ നവാസ് വഴി മറ്റൊരാള്‍ ഒരു സ്‌ക്രിപ്റ്റുമായി നൗഷാദ് ആലത്തൂരിനെ സമീപിച്ചു.അതിനെ തുടര്‍ന്ന് ആ സിനിമയുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങള്‍ മുന്നോട്ട് പോയി. ഏകദേശം ഇരുപതോളം ദിവസം അതിന്റെ ഷൂട്ടിങ്ങും നടന്നു.

പക്ഷേ, പിന്നീട് ആ സിനിമ ഉപേക്ഷിക്കേണ്ടതായും വന്നു.അതിന് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായ എം പദ്മകുമാര്‍ ഡയറക്ട് ചെയ്ത പോളിടെക്‌നിക്ക് എന്ന സിനിമയില്‍ നൗഷാദ് മുഹമ്മദ് എന്ന പേരില്‍ എക്‌സിക്കുട്ടീവ് പ്രൊഡ്യുസറായി.പിന്നീട് ഫഹദ് ഫാസില്‍ നായകനായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സിനിമയുടെ സഹ നിര്‍മ്മാതാവായി.ഗോഡ്‌സ് ഓണ്‍ കണ്‍ട്രി സിനിമ മുഴുവന്‍ പൂര്‍ത്തിയായി അതിന്റെ ടൈറ്റില്‍ കാര്‍ഡെല്ലാം റെഡിയായതിന് ശേഷമാണ് നൗഷാദ് ആലത്തൂര്‍ ആ സിനിമയുമായി ബന്ധപ്പെടുന്നത്. അതുകൊണ്ട് നൗഷാദ് ആലത്തൂരിന്റെ നിര്‍ബന്ധപ്രകാരം ആ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ നൗഷാദ് ആലത്തൂരിന്റെ പേര് എക്‌സിക്കുട്ടീവ് പ്രൊഡ്യുസര്‍ എന്ന രീതിയിലാണ് എഴുതിക്കാണിക്കുന്നത്.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സിനിമയുടെ പ്രീവ്യു ഷോ കണ്ട് ഇഷ്ടപെട്ടാണ് നൗഷാദ് ആലത്തൂര്‍ അതിന്റെ സഹ നിര്‍മ്മാതാവുന്നത്. അതിന് ശേഷമാണ് മമ്മൂട്ടി നായകനായി കമല്‍ സംവിധാനം ചെയ്ത ഉട്യോപ്പിയയിലെ രാജാവ്, കുഞ്ചാക്കോ ബോബന്‍ നായകനായ ശ്രീജിത്ത് വിജയന്‍ സംവീധാനം ചെയ്ത കുട്ടനാടന്‍ മാര്‍പാപ്പ, മമ്മൂട്ടി നായകനായ ജോണി ആന്റണി സംവീധാനം ചെയ്ത തോപ്പില്‍ ജോപ്പന്‍, ജയറാം നായകനായ ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുമായി നൗഷാദ് ആലത്തൂര്‍ ബന്ധപ്പെടുന്നത്.