നവകേരള സദസിന് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി , എഡിജിപിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണ് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്.

പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യങ്ങള്‍ കാര്യക്ഷമമായി നേരിടൽ തുടങ്ങിയവയ്ക്കാണ് സാധാരണഗതിയില്‍ പോലീസിന് ഗുഡ് സര്‍വ്വീസ് എന്‍ട്രി പോലുള്ള ആദരം നല്‍കാറുള്ളത്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച പോലീസുകാര്‍ക്കും സീസണ്‍ കഴിയുമ്പോള്‍ ഈ ആദരം നല്‍കാറുണ്ട്. ഈ ഗണത്തിലേക്കാണ് നവകേരള സദസ്സിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള നവകേരള സദസിന്റെ യാത്ര സംഘര്‍ഷഭരിതമായിരുന്നു. പലയിടത്തും പോലീസിനെ മറികടന്ന് ഡി.വൈ.എഫ്.ഐയാണ് പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. നടപടിക്രമങ്ങള്‍ മറന്ന് ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും കരിങ്കൊടി കാണിക്കാനെത്തിയവരെ ക്രൂരമായി മര്‍ദിച്ച സംഭവവും ഏറെ വിവാദങ്ങൾക്കും നിയമനടപടികൾക്കും ഇടയാക്കിയിരുന്നു.