വലിയ പ്രശ്നങ്ങള്‍ ആണ് ഫെമിനിസത്തിലുള്ളത്, ഭര്‍ത്താവിനോട് പ്രസവിക്കാന്‍ പറയാന്‍ പറ്റില്ലല്ലോ; നവ്യ നായര്‍

കൊച്ചി: സിനിമ അടക്കമുള്ള മേഖലകളില്‍ സമൂഹം സ്ത്രീകള്‍ക്ക് മേല്‍ ചാര്‍ത്തിവെയ്ക്കുന്ന ചില രീതികളെ കുറിച്ച്‌ തുറന്നു പറഞ്ഞ് നടി നവ്യ നായര്‍. നേരത്തെ, പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം തുറന്നു പറഞ്ഞിരുന്നു. പ്രണയമുണ്ടെന്ന് തുറന്നു പറയുന്നതില്‍ പ്രശ്‌നമില്ലെന്നും ആരെയെങ്കിലും ഭയന്ന് ഇല്ലെന്ന് പറയാന്‍ താന്‍ കുലസ്ത്രീയല്ലെന്നും വ്യക്തമാക്കിയ നവ്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അനശ്വരമായ ഒറ്റപ്രണയം കൊണ്ടു ജീവിച്ചതില്‍ കാഞ്ചനമാലയേ കാണൂ എന്ന് പറഞ്ഞ നവ്യ, ചിലര്‍ ഭാര്യയെ പേടിച്ചും മറ്റ് ചിലര്‍ നാട്ടുകാരെ പേടിച്ചും പ്രണയം പറയാതിരിക്കുമെന്നും വ്യക്തമാക്കി.

ഒരു പത്ത് കൊല്ലം കഴിയുമ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്ന സ്വീകാര്യത ഒരുപോലെയാകുമെന്ന് നവ്യ പറയുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍
ഒരച്ഛനും അമ്മയും കൂടെയാണ് ജനിക്കുന്നതെങ്കിലും ജോലി മുഴുവന്‍ അമ്മയ്ക്കാണെന്നും നവ്യ പറയുന്നു. ‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ.’കല്യാണം കഴിയുമ്ബോള്‍ ചിലര്‍ അഭിനയം നിര്‍ത്തും. പണ്ട് മുതലേ അങ്ങനെ ആയത് കൊണ്ട്, പലരും അതുപോലെ തന്നെ ചെയ്യുന്നു. കല്യാണം കഴിഞ്ഞാല്‍ സ്ത്രീകള്‍ പൊതുവെ വണ്ണം വെയ്ക്കും. ശാരീരികമായി മാറും. ബോളിവുഡില്‍ ഒന്നും അത്ര പ്രശ്നങ്ങള്‍ ഇല്ല. അവര്‍ തിരിച്ച്‌ വരുന്നു. ആ ഒരു രീതി ഇപ്പോള്‍ മലയാളത്തിലും ഉണ്ട്. അഭിനയത്തില്‍ മാത്രമല്ല ഈ പ്രശ്നമുള്ളത്.

എറണാകുളത്തുള്ള ഒരു കുട്ടി ബംഗളൂരുവില്‍ ഉള്ള ഒരാളെ കല്യാണം കഴിച്ചു. അവള്‍ക്ക് ജോലി എറണാകുളത്താണെങ്കില്‍, ജോലി മതിയാക്കി ബംഗളൂരുവിലേക്ക് പോകും. പ്രസവ സമയത്ത് മെറ്റേര്‍ണിറ്റി ലീവ് കിട്ടാത്ത അവസ്ഥയാണെങ്കില്‍, ജോലി രാജിവെക്കേണ്ടി വരും. കുട്ടിയെ വളര്‍ത്തി, കുറച്ച്‌ വര്‍ഷം കഴിഞ്ഞാകും പിന്നീട് ജോലിക്ക് പോവുക. അപ്പോള്‍ ഇടവേള ഉണ്ടാകും. ജൂനിയര്‍ ആയിട്ടാകും വീണ്ടും ജോലിയില്‍ പ്രവേശിക്കേണ്ടി വരിക. ഈ പ്രശ്നങ്ങള്‍ ഒക്കെ ഉള്ളതാണ്. അതിന്, ഭര്‍ത്താവിന്റെ അടുത്ത് പ്രസവിക്കാന്‍ പറയാന്‍ പറ്റില്ലല്ലോ? അതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ആണ് ഫെമിനിസത്തില്‍ ഉള്ളത്. അതൊക്കെയാണ് അടിസ്ഥാനപരമായി ചര്‍ച്ച ചെയ്യേണ്ട വിഷയം’, നവ്യ പറയുന്നു.

ഇപ്പോഴും വിവാഹിത തന്നെയാണെന്ന് പറയേണ്ട ആവശ്യമുണ്ടോ? ആരും എന്നെ മോശക്കാരിയാക്കാനാണ് വാര്‍ത്തകള്‍ ഇടുന്നതെന്ന് കരുതുന്നില്ല. ഒരു ലോബി പ്രവര്‍ത്തനം ഒന്നും ഇതിന് പിന്നില്‍ നടക്കുന്നില്ല. നവ്യ നായര്‍ എന്നത് ഒരു ആഗോള പ്രശ്‌നമൊന്നുമല്ലല്ലോ’, നവ്യ നായര്‍ പറയുന്നു.’പ്രണയം സ്വാഭാവികമായി സംഭവിക്കുന്ന വികാരമാണ്. പക്ഷെ, പ്രണയപ്പക അമ്ബരപ്പിക്കുന്നു. വിവാഹിതരായവര്‍ പോലും പിരിയുന്നു. അപ്പോള്‍ പ്രണയമുള്ളവര്‍ക്കൊന്നു പിരിയാന്‍ പോലുമുള്ള അവസരമില്ലാതാകുന്നു. കുട്ടികളൊക്കെ സൂക്ഷിച്ച്‌ പ്രണയിക്കണം. വിവാഹമോചന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായാണ് പുറത്തുവരുന്നത്.