പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ

കേരള രാഷ്‌ട്രീയത്തിലെ സുപ്രധാന നിമിഷത്തിലാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ നന്ദിയെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ. പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കുക എന്നതാണ് ലക്ഷ്യത്തോടെയാണ് എൻഡിഎ സ്ഥാനാർത്ഥിയായി താൻ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താകളായ ആയിരക്കണക്കിന് കുടുംബങ്ങൾ പുതുപ്പളളിയുടെ മണ്ണിലുണ്ട്. കഴിഞ്ഞ ഒൻപത് വർഷമായി ലക്ഷകണക്കിന് ആളുകൾക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും ഇവർ ബിജെപിയുടെ വികസനരാഷ്‌ട്രീയത്തെ കുറിച്ച് അറിയുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ വളരെയേറെ പ്രതീക്ഷയോടെയാണ് ബിജെപി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കഴിഞ്ഞ 53 വർഷമായി പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിയിട്ടില്ലെന്നും ഈ ഉപതിരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിൽ വികസനം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റിനെ സ്ഥാനാർഥിയായി നിയോഗിക്കുന്നത് വോട്ട് ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ. പാർട്ടി കേന്ദ്ര നേതൃത്വമാണ് ലിജിൻ ലാലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിൻ ലാൽ മരങ്ങാട്ടുപ്പളളി സ്വദേശിയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു. സെപ്റ്റംബർ 5ന് നടക്കുന്ന ഉപതിരഞ്ഞെുപ്പിന്റെ വിധി പത്തിന് അറിയാം.