മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ യോ​ഗം, നന്ദിയറിയിച്ച് മോദി

ന്യൂഡൽഹി: എൻഡിഎ പാർലിമെന്ററി പാർട്ടി യോ​ഗത്തിന് ശേഷം നേതാക്കൾ രാഷ്ട്രപതിയെ കാണും. മോദിയെ നേതാവായി എൻഡിഎ യോ​ഗം തെരഞ്ഞെടുത്തു. എംപിമാരുടെ പിന്തുണക്കത്ത് രാഷ്ടപ്രതിക്ക് കൈമാറും.

എൻഡിഎ നേതാക്കളുടെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത നരേന്ദ്രമോദി എല്ലാവർക്കും നന്ദിയറിയിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോ​​ഗത്തിൽ എല്ലാ കക്ഷി നേതാക്കളെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചു.

എൻഡിഎയുടെ എല്ലാ ഘടകകക്ഷി നേതാക്കളും രാവുംപകലുമില്ലാതെ കഠിനമായി പ്രവർത്തിച്ചതാണ് വിജയത്തിന് കാരണമെന്നും ലക്ഷക്കണക്കിന് പ്രവർത്തകരുടെ അവരുടെ അദ്ധ്വാനത്തിന് മുന്നിൽ തലകുനിക്കുന്നുവെന്നും മോദി പറ‍ഞ്ഞു. ഏകകണ്ഠമായി തന്നെ തെരഞ്ഞെടുത്തതിൽ നന്ദി. തീർത്തും വൈകാരികമായ നിമിഷമാണിത്. 2019 തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വിശ്വാസമെന്ന വാക്കാണ് താൻ നൽകിയത്. ആ വിശ്വാസത്തിന്റെ തുടർച്ചയാണ് ഇന്ന് തെരഞ്ഞെടുക്കപ്പെട്ടതും. അതിനർത്ഥം നമുക്കിടയിലുള്ള വിശ്വാസം വർദ്ധിച്ചിരിക്കുന്നു. വിശ്വാസത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്ത ബന്ധമാണിത്. ഏറ്റവും വലിയ സ്വത്ത് ഈ ബന്ധം തന്നെയാണെന്നും എൻഡിഎ അക്ഷരാർത്ഥത്തിൽ ഭാരതത്തിന്റെ ആത്മാവാണെന്നും മോദി ചൂണ്ടിക്കാട്ടി.

വനവാസികൾ ഏറ്റവുമധികമുള്ള പത്ത് സംസ്ഥാനങ്ങളിൽ ഏഴിടത്തും എൻഡിഎയാണ്. ക്രൈസ്തവ വിഭാഗം ശക്തരായ നോർത്ത് ഈസ്റ്റിലും ഗോവയിലും സേവനം ചെയ്യുന്നതും എൻഡിഎ തന്നെയാണ്. ഇന്ന് വീണ്ടും സർക്കാർ രൂപീകരിക്കാനുള്ള അവസരം എൻഡിഎയ്‌ക്ക് ജനങ്ങൾ നൽകിയിരിക്കുകയാണ്. കൂടാതെ 22 സംസ്ഥാനങ്ങളിൽ സേവനം ചെയ്യാനുള്ള അവസരവും നമുക്കൊപ്പമുണ്ട്.

തെരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യം എൻഡിഎയോളം വിജയം നേടിയ മറ്റൊരു സന്ദർഭമില്ല. രാജ്യം ഭരിക്കാൻ ഭൂരിപക്ഷം ആവശ്യമാണ്. രാജ്യത്തെ മുന്നോട്ടു നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണം. അതുകൊണ്ടുതന്നെ ആരെയും കൈവിട്ടു കളയുകയില്ല. മൂന്ന് ദശകമായി എൻഡിഎ ഇവിടെയുണ്ട്. തീർത്തും അസാധാരണമാണത്. വൈവിദ്ധ്യങ്ങൾ നിറഞ്ഞ സഖ്യമാണിത്. രാജ്യമാണ് ഒന്നാമതെന്ന മൂല്യബോധത്തോടെയാണ് എൻഡിഎ സഖ്യം പ്രവർത്തിക്കുന്നത്. മികച്ച ഭരണമെന്നതിന്റെ പര്യായമായി മാറിയിരിക്കുകയാണ് എൻഡിഎ. പാവപ്പെട്ടവരുടെ പുരോ​ഗതിയാണ് സഖ്യത്തിന്റെ ലക്ഷ്യം. സർക്കാർ ആർക്കുവേണ്ടി, എന്തിനുവേണ്ടി, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ജനം ഇതിനോടകം മനസിലാക്കി കഴിഞ്ഞു. വികസനത്തിന്റെയും ജനക്ഷേമ ഭരണത്തിന്റെയും പുതിയ അദ്ധ്യായം ഇവിടെ രചിക്കപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു.