മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചു

സംസ്ഥാന മന്ത്രിസഭയിലെ പത്ത് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. പത്ത് കാറുകളാണ് പുതുതായി മന്ത്രിമാർക്ക് വേണ്ടി വാങ്ങുന്നത്. ഇതിനായി മൂന്ന് കോടി 22 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. തീരുമാനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കി. നിലവിൽ മന്ത്രിമാർ ഉപയോഗിച്ച് വന്നിരുന്ന പഴയ കാർ ടൂറിസം വകുപ്പിന് തിരികെ നൽകണം.

പുതിയ കാറുകൾ ലഭിച്ച ശേഷം ഇപ്പോൾ മന്ത്രിമാർ ഉപയോഗിക്കുന്ന കാറുകൾ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നൽകാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാൻ കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിനായി 72 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്.

കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകാൻ നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയിരിന്നു. ഇവയുടെ നിറം വെള്ളയിൽ നിന്നു കറുപ്പാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രളയകാലത്തെ പ്രതിസന്ധിയെ തുടർന്ന് കാർ വാങ്ങുന്നതിന് നിയന്ത്രണമുണ്ടായിരിന്നു. എന്നാൽ ഇത് മറികടന്ന് ടൂറിസം വകുപ്പ് ഡയറക്ടർ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ മന്ത്രിസഭ വഴി അനുമതി വാങ്ങുകയായിരുന്നു.