ജനിച്ചയുടന്‍ കഴുത്തില്‍ ഇയര്‍ഫോണ്‍ വയര്‍ കുരുക്കി കൊന്നു; ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍

കാസര്‍ഗോഡ് ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റിലായി. ബദിയടുക്ക ചെടേക്കാലില്‍ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനിച്ചയുടനെ ഷാഹിന കുഞ്ഞിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ വയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഷാഹിനയെ നാളെ തന്നെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനക്കായി കൊണ്ടുപോകും.

ഡിസംബര്‍ 15 നാണ് ഷാഹിന കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഷാഹിനയ്ക്ക് ഒരു വയസും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. ആദ്യത്തെ കുട്ടി ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കേണ്ടി വന്നതിലുള്ള മാനസിക പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷാഹിനയുടെ ഭര്‍ത്താവിന് എറണാകുളത്താണ് ജോലി. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്ന് ദിവസം മുന്‍പ് ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാതെ ഷാഹിന തന്റെ വീട്ടിലേക്ക് മടങ്ങി. ചടങ്ങ് കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ബന്ധുക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഷാഹിനയെ ആയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവര്‍ പ്രസവിച്ചു കഴിഞ്ഞിരുന്നു എന്ന വിവരം ബന്ധുക്കള്‍ അറിഞ്ഞത്. ഇതേത്തുടര്‍ന്ന് കുട്ടിക്ക് വേണ്ടി നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കട്ടിലിനടിയില്‍ പെട്ടിയില്‍ ജീവനില്ലാത്ത കുട്ടിയെ തുണിയെ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.