ദിലീപിന്റെ ജാമ്യത്തിൽ ഇടപെട്ടില്ല, വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്; നെയ്യാറ്റിൻകര ബിഷപ്പ്

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യവുമായി ബന്ധപ്പെട്ട് ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്. ദിലീപുമായും സംവിധായകന് ബാലചന്ദ്രകുമാരുമായും ബന്ധമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. ദിലീപിന്റെ സത്യവാങ്മൂലത്തിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് രൂപതയുടെ വാർത്താ കുറിപ്പിൽ ആവശ്യപ്പെടുന്നത്. ബിഷപ്പിനെ അപകീർത്തിപ്പെടുത്തുന്നതിലൂടെ നൽകുന്നത് തെറ്റായ സന്ദേശമാണെന്നും രൂപത അഭിപ്രായപ്പെട്ടു.

ജാമ്യത്തിനായി ബിഷപ്പ് ഇടപെട്ടെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതായാണ് ദിലീപ് സത്യവാങ്മൂലത്തിൽ അറിയിച്ചത്. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.