ഒരുപാട് പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ടയുള്ള വോയിസ് നോട്ടുകള്‍ കിട്ടി, അമ്മയറിയാതെ താരം നിഖില്‍ പറയുന്നു

അമ്മയറിയാതെ എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരമായി മാറിയ നടനാണ് നിഖില്‍ നായര്‍. പരമ്പരയില്‍ അര്‍ജുനന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. കോവിഡ് സമയത്ത് പരമ്പരയില്‍ നിന്നും നടന്‍ വിട്ടു നില്‍ക്കുകയും മാസങ്ങള്‍ക്ക് ശേഷം തിരിച്ച് വരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പിന്മാറാനുണ്ടായ കാര്യവും മറ്റും തുറന്ന് പറഞ്ഞിരിക്കുകയാണ് നിഖില്‍.

നിഖിലിന്റെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ ഒരു ബാംഗ്ലൂര്‍ മലയാളിയാണ്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങും എംബിയെയും കഴിഞ്ഞു ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷെ, ജീവിതത്തില്‍ എന്തോ മിസ് ചെയ്യുന്നതായി തോന്നി. 9 ടു 5 ജോലി ഞാന്‍ മടുത്തു തുടങ്ങി. അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെ ഞാന്‍ പരസ്യ ചിത്രങ്ങളില്‍ ഓഡിഷന്‍ കൊടുത്തു തുടങ്ങി. എന്റെ അഭിനയത്തിലും എന്തോ ഒന്ന് മിസ്സിംഗ് ആയി എനിക്ക് തോന്നി, ഞാന്‍ പിന്നെ അഭിനയം പഠിച്ചു. എല്ലാ ദിവസവും 5 മണിക്ക് ഉണരും, ആക്ടിങ് ക്ലാസ് അറ്റന്‍ഡ് ചെയ്യും, പിന്നെ ജോലിക്ക് പോകും. ജോലിക്കിടയില്‍ നിന്ന് മുങ്ങി ഒഡിഷനുകള്‍ അറ്റന്‍ഡ് ചെയ്യും. കുറേ കഴിഞ്ഞപ്പോള്‍ പാഷനും ജോലിയും ഒന്നിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലായി, അങ്ങനെ ജോലി രാജി വെച്ചു. ഇപ്പോള്‍ എനിക്കറിയാം അത് വളരെ നല്ല തീരുമാനം ആയിരുന്നു. എന്റെ ജീവിതം മാറ്റിമറിച്ചത് ഒരു തെലുങ്കു സീരിയലിലെ നായക വേഷമാണ്. പിന്നീട് ഞാന്‍ കുടുംബവിളക്കിന്റെ തെലുങ്ക് പതിപ്പില്‍ എത്തി ഒടുവില്‍ മലയാളത്തിലേക്കും, നിങ്ങളുടെ അമ്പാടിയായി.

മലയാളം സീരിയലില്‍ അഭിനയിക്കുക എന്നത് തന്നെ ഒരു അഭിമാന മുഹൂര്‍ത്തമാണ്. ആദ്യം അമ്മയറിയാതെയിലെ തന്നെ മറ്റൊരു കഥാപാത്രമാകാനാണ് എന്നെ വിളിച്ചത് പക്ഷെ കൊറോണ കാരണം അത് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. പിന്നെയാണ് അമ്പാടിയുടെ വേഷം കിട്ടിയത്, ആ അവസരം വന്നതും ഒന്നും നോക്കാതെ ഞാന്‍ അത് തിരഞ്ഞെടുത്തു. ഏതൊരു ടെലിവിഷന്‍ നടനും ആഗ്രഹിക്കുന്നതിലും വലിയ ഒരു ഇന്‍ട്രൊഡക്ഷന്‍ സീന്‍ ആണ് എനിക്ക് കിട്ടിയത്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളില്‍ ഏകദേശം 24 മണിക്കൂറോളം ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. വല്ലാതെ ഹെക്ടിക്ക് ആരുന്നു അത് പക്ഷേ ഓരോ നിമിഷവും ഞാന്‍ എന്‌ജോയ് ചെയ്തു. അമ്പാടി ഒരു സ്‌ട്രൈറ്റ് ഫോര്‍വേഡ് ജെന്റില്‍മാന്‍ ആണ്. ജീവിതത്തില്‍ ഒരു ഡ്രാമയും ഇല്ലാത്ത ഒരു മനുഷ്യന്‍. ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ഞാന്‍ തന്നെയാണ് അമ്പാടി എന്ന്.

തെലുങ്കില്‍ ഒരു സിനിമയില്‍ നായക വേഷം കിട്ടിയപ്പോഴാണ് ഞാന്‍ അമ്മയറിയാതെ നിര്‍ത്തിയത്. ഒരു നടന്‍ എന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ മോഹം സിനിമ തന്നെയാണല്ലോ, അതുകൊണ്ടാണ് സീരിയല്‍ വേണ്ടെന്നു വെച്ചത്. എന്നാല്‍ അത് പ്രേക്ഷകര്‍ക്കിടയില്‍ ഇത്രയും ചര്‍ച്ചയാകും എന്ന് ഞാന്‍ കരുതിയില്ല. എന്റെ ഇന്‍ബോക്‌സ് നിറയെ തിരിച്ചു വരണം എന്നുള്ള മെസ്സേജുകള്‍ ആയിരുന്നു. ഒരുപാട് പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ടയുള്ള വോയിസ് നോട്ടുകള്‍ വരെ അയച്ചിരുന്നു. ഓണ്‍ലൈനില്‍ ഒരു കാമ്പെയിന്‍ തന്നെ നടത്തിയ ആരാധകര്‍, ചാനലില്‍ വരെ എന്നെ തിരിച്ചു കൊണ്ടുവരണം എന്ന ആവശ്യവുമായി ഫോണ്‍ ചെയ്തു. അപ്പോഴാണ് രണ്ടാം കൊവിഡ് വേവ് വരുന്നതും എന്റെ സിനിമ ഷൂട്ടിങ് നിന്നുപോയതും. അപ്പോള്‍ ടീം എന്നെ വീണ്ടും സമീപിച്ചു, എങ്കില്‍ സീരിയലിലേക്ക് തന്നെ തിരിച്ചു വരാം എന്ന് തീരുമാനിച്ചു. തിരിച്ചുവരവില്‍ എനിക്ക് കിട്ടിയ വരവേല്‍പ്പ് പറഞ്ഞറിയിക്കാന്‍ പറ്റില്ല ആ സന്തോഷം. എന്നെ ഇത്രയും സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.