ആള്‍ക്കൂട്ടത്തിനു മുന്നില്‍വെച്ച് സെല്‍ഫി എടുക്കുക പാടാണ്, നിഖില വിമല്‍ പറയുന്നു

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് ആണ് നിഖിലയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദിലീപ് നായകനായി എത്തിയ ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി എത്തി. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിഖിലയ്ക്ക് സാധിച്ചു. ഇപ്പോള്‍ മലയാളത്തിലെ യുവ നായികമാര്‍ക്കിടയില്‍ ശ്രദ്ധേയയാണ് താരം. മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നിഖില എത്തിയിരുന്നു. ഇപ്പോള്‍ നിഖില വിമല്‍ ആരാധക സെല്‍ഫിയെക്കുറിച്ചുള്ള തന്റെ കാഴ്ചപാടിനെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ്.

നിഖിലയുടെ വാക്കുകള്‍ ഇങ്ങനെ, ‘വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍വെച്ച് സെല്‍ഫി എടുക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ പാടാണ്. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് കുറെ ടൈം അവിടെ ചെലവഴിക്കേണ്ടി വരും. നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് വലിയ തെറ്റല്ല. നമുക്ക് ഒപ്പം നിന്ന് അവര്‍ ഫോട്ടോ എടുക്കുന്നത് നടിയെന്ന നിലയില്‍ നമ്മളോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാകും. അതിനെ മാനിക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ സെല്‍ഫി ബുദ്ധിമുട്ടുണ്ടാക്കും.

അത് പോലെ സിനിമയില്‍ നിന്നു കിട്ടുന്ന പ്രതിഫലമാണ് എനിക്ക് ഏറ്റവും കൂടുതല്‍ ആത്മ സംതൃപ്തി നല്‍കുന്നത്. ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലമോ, സ്റ്റേജ് ഷോയില്‍ നിന്ന് കിട്ടുന്ന പ്രതിഫലമോ നമുക്ക് വലിയൊരു സംതൃപ്തി തരില്ല. കഴിവതും ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നിരുന്നാലും അത്തരം പ്രോഗ്രാമുകള്‍ക്ക് വിളിച്ചാല്‍ പോകാറുണ്ട്’.