വ്യാജ രേഖ നിര്‍മാണത്തില്‍ വിദ്യയ്‌ക്കെതിരെ നീലേശ്വരത്തും പോലീസ് കേസെടുത്തു

കൊച്ചി. മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരായ കേസില്‍ മഹാരാജാസ് കോളേജില്‍ നിന്നും പോലീസ് രേഖകള്‍ ശേഖരിച്ചു. ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ നിന്നും 2018-19 വര്‍ഷത്തില്‍ ലഭി്ച സര്‍ട്ടിഫിക്കറ്റാണ് വ്യാജരേഖ ചമയ്ക്കാന്‍ ഉപയോഗിച്ചതെന്നാണ് സംശയം. അതേസമയം കരിന്തളം കോളേജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജരേഖ നിര്‍മാണത്തില്‍ വിദ്യയ്‌ക്കെതിരെ നീലേശ്വരത്തും പോലീസ് കേസെടുത്തു.

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജെയ്‌സണ്‍ ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിലാണ് കേസ്.
അതേസമയം വിദ്യയുടെ കാലടി പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ പുനപരിശോധിക്കാന്‍ കാലടി സര്‍വകലാശാല തീരുമാനിച്ചു. സിന്‍ഡിക്കേറ്റിന്റെ ലീഗല്‍ കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുക.

വിദ്യ ഉള്‍പ്പെടെയുള്ള പിഎച്ച്ഡി പ്രവേശനത്തിലെ സംവരണ അട്ടിമറി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കും. എസ്സി, എസ്ടി സംവരണം അട്ടിമറിച്ചാണ് പിഎച്ച്ഡി പ്രവേശനത്തിനായി വിദ്യയെ സഹായിച്ചെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ വിദ്യക്കൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു സര്‍വകലാശാല സ്വീകരിച്ചത്.