ഇന്ത്യയിലെത്തിയാലും നിമിഷ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍, ജാമ്യമില്ലാ വകുപ്പുകളും; സ്വന്തം മണ്ണിലും സ്വാതന്ത്ര്യം ഇനി സ്വപ്‌നം മാത്രം

ന്യൂഡല്‍ഹി : ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെ യു.എസ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്ന നിമിഷ ഫാത്തിമ അടക്കമുള്ളവര്‍ അഫ്‌ഗാനിസ്ഥാനിലെ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. തടവിലായിരുന്ന ഇവരെ, കാബൂള്‍ കീഴടക്കിയ താലിബാന്‍ മോചിപ്പിച്ചുവെന്നും ഇവരെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിമിഷ ഫാത്തിമയെയും അവരുടെ മകള്‍ ഉമ്മു കൊലുസുവിനെയും തിരിച്ച്‌ വേണമെന്ന ആവശ്യവുമായി അമ്മ ബിന്ദു രംഗത്തെത്തിയിരുന്നു.

ഐ.എസിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് നിമിഷ ഫാത്തിമയുടെ ഭര്‍ത്താവും മറ്റ് യുവതികളുടെ ഭര്‍ത്താവും കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ യുവതികള്‍ യു.എസ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തന്റെ മകളെയും അഞ്ച് വയസ്സുള്ള ചെറുമകള്‍ ഉമ്മു കുല്‍സുവിനെയും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ഫാത്തിമയുടെ അമ്മ കെ. ബിന്ദു അധികൃതരെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസവും ബിന്ദു സമാന ആവശ്യമായിരുന്നു ഉയര്‍ത്തിയിരുന്നത്.

നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് കൈമാറിയാല്‍ അവര്‍ക്ക് ഇന്ത്യയിലും സ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നീണ്ട നിയമ പോരാട്ടമാകും അവര്‍ നേരിടേണ്ടി വരികയെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഐഎസ്- ല്‍ ചേര്‍ന്ന നിമിഷ ഫാത്തിമക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമം പ്രകാരമുള്ള കുറ്റം നിലനില്‍ക്കും. ആയതിനാല്‍ തന്നെ നിമിഷയ്ക്കും കൂട്ടര്‍ക്കും സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, നിമിഷ ഫാത്തിമയെ എന്‍ ഐ എ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്തതിന് ഫാത്തിമ വിചാരണ നേരിടേണ്ടി വരും. ഫാത്തിമയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും ജാമ്യമില്ലാ വകുപ്പുകളാണ്. ഇന്ത്യയിലെത്തിയാല്‍ വിചാരണ നേരിടുകയല്ലാതെ മറ്റൊരു വഴി ഇവര്‍ക്കില്ലെന്നാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്‌ഗാനെതിരെ പൊരുതിയ നിമിഷ ഫാത്തിമയ്‌ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ ഐ എ പരിശ്രമിക്കേണ്ടി വരും.

ഐഎസില്‍ ചേര്‍ന്ന ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി കരുതുന്ന ആദ്യ ഇന്ത്യക്കാരനായ സുഭാനി ഹാജ മൊയ്തീനെതിരെ എന്‍ഐഎ സമാനമായ ആരോപണങ്ങള്‍ തെളിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍ഐഎ കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവും 2.1 ലക്ഷം രൂപ പിഴയും വിധിച്ചു.