നിപ്പ പകരുന്നത് വലിയ സ്രവത്തുള്ളികളില്‍ നിന്ന്

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. വലിപ്പമുള്ള സ്രവകണങ്ങളില്‍ നിന്നു മാത്രമേ നിപ്പ പകരുകയുള്ളു എന്നാണ് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ജി. അരുണ്‍ കുമാര്‍ വ്യക്തമാക്കിയത്.

നിപ്പ വൈറസ് ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ ആണ് ഉമിനീര്‍ പോലുള്ള സ്രവങ്ങള്‍ തെറിക്കുന്നത്. ഇത് ഒരു മീറ്ററിലധികം പോകില്ലെന്നും അതിനാല്‍ രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്കു മാത്രമാണ് രോഗം പടരാന്‍ സാധ്യതയെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ വൈറസ് ബാധയുള്ള വവ്വാലുമായി ആദ്യം മരിച്ച സാബിത്തിന് നേരിട്ട് സമ്പര്‍ക്കമുണ്ടായിരിക്കാം എന്നാണു നിഗമനം. വവ്വാല്‍ കഴിച്ച പഴങ്ങളില്‍ നിന്നല്ലെന്ന് തെളിഞ്ഞതോടെ ഒരു പക്ഷെ വവ്വാല്‍ക്കുഞ്ഞിനെ കൈകൊണ്ട് എടുത്തിരിക്കാനോ മറ്റോ ആകും സാധ്യതയെന്നും ഡോ. ജി. അരുണ്‍ വ്യക്തമാക്കി.

നിപ്പ ബാധിച്ച് മരിച്ച 18 പേരില്‍ 16 പേര്‍ക്കും വൈറസ് ബാധിച്ചത് മരിച്ച സാബിത്തില്‍ നിന്നാകാം എന്നാണ് നിഗമനം. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പേ ഇവര്‍ക്കു പകര്‍ന്നിരിക്കാം.