അച്ഛനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. കഴിഞ്ഞ ദിവസങ്ങളില്‍ നടനെതിരെ വ്യാജ വാര്‍ത്തകള്‍ എത്തിയിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മണിയന്‍പിള്ള രാജു ഇപ്പോള്‍ നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഇതിനിടെ പല അഭ്യൂഹങ്ങളും നടനെ കുറിച്ച് പ്രചരിക്കാനും തുടങ്ങി. ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ നിരഞ്ജന്‍ ആവശ്യപ്പെടുന്നത്.

‘എന്റെ അച്ഛനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. രണ്ടാഴ്ച മുമ്ബ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍ ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു’ -നിരഞ്ജന്‍ കുറിച്ചു. ഈ പോസ്റ്റിന് താഴെ അച്ഛനും മകനും വിഷു ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 25നാണ് കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് എത്തിയ മണിയന്‍പിള്ള രാജുവിനും നടന്‍ കെബി ഗണേഷ് കുമാറിനും കോവിഡ് ബാധിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ പനിയും ചുമയും ആരംഭിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനെട്ട് ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം കൊവിഡ് നെഗറ്റീവായി താരം വീട്ടിലെത്തി.

ആശുപത്രിയില്‍ കഴിയവേ മണിയന്‍പിള്ള രാജുവിന് ശബ്ദം പോലും നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ 70 ശതമാനം വരെ ശബ്ദം തിരിച്ച് കിട്ടി. ഇതിനിടെ ന്യൂമോണിയ കൂടി വന്നതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം.