നിര്‍ഭയ പ്രതികള്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക്

ഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടെയും ബന്ധുക്കളാണ് കത്ത് നല്‍കിയിരിക്കുന്നത്. കത്തില്‍ 13 പേര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ രണ്ട് പേര്‍ മുകേഷിന്റെ ബന്ധുക്കളും, നല് പേര്‍ പവന്‍ കുമാര്‍ ഗുപ്തയുടേയും ബന്ധുക്കളാണ്. വിനയ് കുമാറിന്റെ നാല് ബന്ധുക്കളും, അക്ഷയ് ഠാക്കൂറിന്റെ മൂന്ന് ബന്ധുക്കളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

മാര്‍ച്ച്‌ 20 ന് പ്രതികളുടെ വധശിക്ഷ നടക്കാന്‍ ഇരിക്കെയാണ് ദയാവധം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കത്ത് നല്‍കിയിരിക്കുന്നത്. നിയമ പരമായ എല്ലാ സാധുതകളും പ്രതികള്‍ പ്രയോജനപ്പെടുത്തി എങ്കിലും വധശിക്ഷ മാറ്റാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബങ്ങള്‍ ദയാവധത്തിനുള്ള കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ നിയമപരമായി ഒരുപാട് കടമ്പകള്‍ ഉള്ളതിനാല്‍ ഇതിന് അനുമതി ലഭിക്കില്ലെന്നാണ് സൂചന. അതേസമയം പ്രതികളുടെ വധശിക്ഷ നീട്ടിവെയ്ക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപണമുണ്ട്.

വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ച്ച്‌ 20 വധശിക്ഷ നടത്തണമെന്നുള്ള മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.