വിദേശത്തുള്ള പപ്പയും മമ്മിയും എനിക്കെന്താണ് പൈസ തരാത്തതെന്ന് തോന്നിയിരുന്നു, എന്നാൽ ഉത്തരം പിന്നീടാണ് കിട്ടിയത്- നിവിൻ പോളി

മലയാള സിനിമയിൽ യുവ താരനിരയിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ച താരമാണ് നിവിൻ പോളി. തന്റേതായ അഭിനയ ശൈലി തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അഭിനയ ജീവിതത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ നിവിൻ പോളിയുടെ പേരിൽ തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളാണ്.

ഇപ്പോളിതാ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം, താൻ 9ാം ക്ലാസിൽ എത്തും വരെ പപ്പയും മമ്മിയും സ്വിറ്റ്സർലാൻഡിലായിരുന്നു. വേനൽ അവധിയ്ക്ക് മാത്രമേ തനിക്കും ചേച്ചിയ്ക്കും അവരെ കാണാൻ പറ്റിയിരുന്നുള്ളൂ. അച്ഛനും അമ്മയും ഒപ്പമില്ലാതെ വളരുന്ന കുട്ടികളുടെ വേദന വളരെ വലുതാണ്. ഞാനടുത്തില്ലാത്തപ്പോൾ എന്റെ കുട്ടികളും അത് അനുഭവിക്കുന്നുണ്ട്.

താൻ വളർന്ന അതേ രീതിയിലാണ് ദാദയേയും റീസയേയും വളർത്തുന്നത്. കൈനിറയെ പണവുമായി വളർന്ന കുട്ടിക്കാലമായിരുന്നില്ല തങ്ങളുടേത്. വിദേശത്തു ജോലിയുള്ളവരുടെ മക്കൾ ബ്രാൻഡഡ് ഉടുപ്പുകളിട്ട്, വലിയ കാറുകളിൽ വന്നിറങ്ങുമ്പോൾ പപ്പയും മമ്മിയും എനിക്കെന്താണ് പൈസ തരാത്തതെന്ന് തോന്നിയിരുന്നു. ഉത്തരം പിന്നീടാണ് കിട്ടിയത്, അങ്ങനെ വളർത്തിയതുകൊണ്ടാണ് മുന്നോട്ടു പോകണമെന്നും സ്വന്തമായി സമ്പാദിക്കണമെന്നും കുട്ടിക്കാലത്തേ തോന്നിയത്.

പഠിക്കുമ്പോൾ തന്നെ ചെറിയ കാര്യങ്ങൾക്കുള്ള പണത്തിനായി ജോലികൾ ചെയ്തു. നാട്ടിലെ കംപ്യൂട്ടർ സെന്ററുകളുടെ നൂറുകണക്കിന് ബോർഡുകൾ പോസ്റ്റിലും മരത്തിലും വലിഞ്ഞു കയറി കെട്ടിയിട്ടുണ്ട്. ഒപ്പം കൂട്ടുകാരായ സിജുവും നെവിനും.ടെസ്റ്റ് ബുക്കുകൾ പ്രിന്റ് ചെയ്യുന്ന സ്ഥലത്തുപോയി മൊത്തത്തിൽ എടുത്ത് സ്കൂളുകളിൽ വിതരണം ചെയ്യും. ചെറിയ ലാഭം കിട്ടും. ഇതൊന്നും ലാവിഷായി ജീവിക്കാനായിരുന്നില്ല.
ജോലികിട്ടി ആദ്യ ശമ്പളം അച്ഛനും അമ്മയ്ക്കും ആയിരുന്നു കൊടുത്തത്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നാണ് എനിക്ക് ആഗ്രഹമുള്ള സാധനങ്ങൾ വാങ്ങിയത്. അതൊരു കാത്തിരിപ്പായിരുന്നു. എന്റെ മക്കളും പണത്തിന്റെ മൂല്യം അറിഞ്ഞു വളരണം എന്നാണ് വിശ്വസിക്കുന്നത്.