മേയർക്ക് ആശ്വാസം; വിവാദ കത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

തിരുവനന്തപുരം: തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കിയ വിവാദ നിയമകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുന്‍ കൗണ്‍സിലര്‍ ജി.എസ് സുനില്‍ കുമാര്‍ ഹര്‍ജി നൽകിയിരുന്നു.

ഹർജി തള്ളിക്കൊണ്ടാണ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി തീരുമാനിച്ചത്. മേയറെ കൂടാതെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിന്റെ കത്തിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഹർജിയില്‍ പറഞ്ഞിരുന്നു. മേയര്‍, ഡിആര്‍ അനില്‍, സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ജി.എസ്. സുനില്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ മറുപടി നല്‍കാന്‍നേരത്തെ മേയറോട് ആശ്യപ്പെട്ടിരുന്നു.

സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ഇത്തരത്തില്‍ കത്ത് താന്‍ കൈമാറിയിട്ടില്ലെന്നുമായിരുന്നു മേയറുടെ മറുപടി. ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടതും ഹര്‍ജി തള്ളാന്‍ കാരണമായി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണെന്നും, 10 പേരുടെ മൊഴി രേഖപ്പെടുത്തിയതായും സർക്കാരും കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണായക തീരുമാനം.