സാബിത്തിന്റെ മലേഷ്യന്‍ സന്ദര്‍ശനത്തിന് തെളിവുകളില്ല; തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കുടുംബാംഗങ്ങള്‍

നിപ്പ വൈറസ് ബാധയുടെ കേരളത്തിലെ ആദ്യത്തെ ഇരയെന്ന് കരുതപ്പെടുന്ന മുഹമ്മദ് സാബിത് മലേഷ്യന്‍ സന്ദര്‍ശനം നടത്തിയതിന് തെളിവുകളില്ലെന്ന് പൊലീസ്. മലേഷ്യന്‍ സന്ദര്‍ശനത്തിന് ഇടെയാണ് സാബിതിന് രോഗം പിടിപ്പെട്ടതെന്നും ഇയാളില്‍നിന്നാണ് കേരളത്തില്‍ നിപ്പ വൈറസ് പടര്‍ന്നതെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വെളളിയാഴ്ച കലക്ട്രേറ്റില്‍ ചേര്‍ന്ന സ്ഥിതി വിലയിരുത്തല്‍ യോഗത്തില്‍ സാബിത്തിന്റെ മലേഷ്യന്‍ സന്ദര്‍ശനം അന്വേഷിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയോട് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സാബിത്തിന്റെ മലേഷ്യന്‍ സന്ദര്‍ശം സംബന്ധിച്ച അന്വേഷണം നടത്തിയതും അത് കളവായിരുന്നുവെന്ന സ്ഥിരീകരണം നേടിയതും. സാബിത്തിന്റെ പാസ്‌പോര്‍ട്ടിലും മലേഷ്യന്‍ സന്ദര്‍ശനം രേഖപ്പെടുത്തിയിട്ടില്ല.

പാസ്‌പോര്‍ട്ടിലുള്ള വിവരങ്ങള്‍ അനുസരിച്ച് സാബിത് നടത്തിയ അവസാന വിദേശ യാത്ര ദുബായിയിലേക്കാണ്. ജോലി ആവശ്യത്തിന് വേണ്ടിയായിരുന്നു ഈ യാത്ര. ആറ് മാസങ്ങള്‍ക്ക് മുന്‍പ് തിരികെ നാട്ടിലെത്തിയ സാബിത് പിന്നീട് വിദേശയാത്രകളൊന്നും നടത്തിയതായി രേഖകളിലില്ല. അള്‍സര്‍ രോഗബാധിതനായിരുന്ന ഇയാള്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു.

സാബിത്തിന്റെ കുടുംബത്തിലെ മൂന്ന് പേരാണ് നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ സാബിത്തിന്റെ രക്തസാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കാത്തത്. കുടുംബത്തിലെ ബാക്കിയുള്ള രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച് നിപ്പ വൈറസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളിലൂടെ പരന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പോലും തങ്ങളുടെ വീട്ടിലേക്ക് വരുന്നില്ലെന്നും സാബിത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.