വിഡി സതീശനും കെ സുധാകരനും രണ്ട് ചേരിയിലെന്ന് പ്രചരിപ്പിച്ച് മുതലെടുപ്പിന് നീക്കം ; നന്നാകില്ലെന്നുറപ്പിച്ച് പരസ്പരം അരിഞ്ഞു വീഴ്ത്താന്‍ മല്‍സരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: ദേശീയ തലത്തിലും സംസ്ഥാനത്തും പാര്‍ട്ടി ഇന്നേവരെ ഉണ്ടാകാത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോഴും ഗ്രൂപ്പ് പോരിലും വ്യാജ വാര്‍ത്തകളിലും അഭിരമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. നിലവില്‍ ഒറ്റക്കെട്ടായി പോകുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും തമ്മില്‍ തെറ്റിക്കാനുള്ള കുതന്ത്രങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും പിന്നാലെയാണ് പ്രമുഖ ഗ്രൂപ്പ് നേതാക്കള്‍. ഇതിനായി പ്രമുഖ ഗ്രൂപ്പ് നേതാക്കളെ തന്നെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് ഗ്രൂപ്പുകള്‍.

അത്തരം നീക്കങ്ങളുടെ ഭാഗമായുള്ള ഏറ്റവും പുതിയ നാടകമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ കെപിസിസി അധ്യക്ഷന്റെ മിന്നല്‍ റെയ്ഡ് എന്ന വ്യാജ വാര്‍ത്ത. പ്രതിപക്ഷ നേതാവിനെ കാണാന്‍ ഗ്രൂപ്പിനതീതമായി ഇന്നലെ എട്ടോളം നേതാക്കള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ നേരത്ത് കെ സുധാകരനുമായി അടുപ്പമുള്ള സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു സാധാകൃഷ്ണനും കെ സുധാകരന്റെ സെക്രട്ടറിയും കന്റോണ്‍മെന്റ് വെസ്റ്റ് ഹൗസിലെത്തിയതിനെയാണ് ഗ്രൂപ്പ് യോഗത്തിനെതിരെ റെയ്ഡ് എന്ന നിലയില്‍ വ്യാജവാര്‍ത്തയാക്കി ഇന്ന് പുറത്തു വിട്ടത്.
യഥാര്‍ഥത്തില്‍ രാധാകൃഷ്ണനും സുധാകരന്റെ സെക്രട്ടറി വിപിന്‍ മോഹനും പ്രതിപക്ഷ നേതാവിനെ കാണാനെത്തിയതായിരുന്നു.

ഇതേ സമയത്ത് തിരുവനന്തപുരം ഡിസിസി പ്രസിഡന്റും എഗൂപ്പ് നേതാവുമായ പാലോട് രവി, ഐഗ്രൂപ്പ് നേതാക്കളായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി ശ്രീകുമാര്‍, എ വിഭാഗം നേതാക്കളായ വര്‍ക്കല കഹാര്‍, എം.എ വാഹിദ്, യൂജിന്‍ തോമസ്, ഐ ഗ്രൂപ്പ് നേതാവ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരൊക്കെയായിരുന്നു കന്റോണ്‍മെന്റ് ഹൗസിലുണ്ടായിരുന്നത്.
നിസമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാലാല്‍ നേതാക്കള്‍ക്ക് രാത്രി വൈകിയാണ് പ്രതിപക്ഷ നേതാവിനെ കാണാന്‍ അവസരം ലഭിച്ചത്. എന്തായാലും എ ;ഐ ഗ്രൂപ്പുകളുമായി നിലവിലും അടുത്ത ബന്ധം സൂക്ഷിക്കുന്നവര്‍ തന്നെയായിരുന്നു ഇവരില്‍ പലരുമെന്ന് വ്യക്തം. അതിനെയാണ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ ഗ്രൂപ്പുയോഗം കൂടിയെന്ന നിലയില്‍ വ്യാജ വാര്‍ത്തയാക്കിയത്.

ഐ ഗ്രൂപ്പിലെ പ്രമുഖനാണ് വാര്‍ത്തയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു. കെ സുധാകരനും വി.ഡി സതീശനും തമ്മില്‍ തെറ്റി കോണ്‍ഗ്രസില്‍ ഇനി സുധാകരന്‍-രമേശ്-ചെന്നിത്തല അച്ചുതണ്ട് എന്ന നിലയില്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില നേതാക്കളുടെ ഭാഗത്തു നിന്നും തീവ്ര ശ്രമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ തിരക്കിയപ്പോള്‍ സുധാകരനും സതീശനും തന്നെ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. ആ നീക്കങ്ങളൊക്കെ പൊളിഞ്ഞതോടെയാണ് 10 -ല്‍ താഴെമാത്രം ആളുകള്‍ പ്രതിപക്ഷ നേതാവുമായി സംസാരിച്ചിരുന്നതിനെ ഗ്രൂപ്പുയോഗമെന്നും അവിടെ കെപിസിസി പ്രസിഡന്റിന്റെ മിന്നല്‍ പരിശോധനയെന്നുമുള്ള നിലയില്‍ വാര്‍ത്തയാക്കിയത്.

രാവിലെ തലസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത ചോര്‍ന്നുകിട്ടിയത് പ്രമുഖ ഗ്രൂപ്പ് നേതാവിനോട് അടുത്ത കേന്ദ്രങ്ങളില്‍നിന്നായിരുന്നു. എന്നാല്‍ വാര്‍ത്തയുടെ നിജസ്ഥിതി മനസിലായതോടെ പ്രധാന മാധ്യമങ്ങള്‍ വാര്‍ത്തയില്‍ നിന്നും പിന്‍മാറി. തുടര്‍ച്ചയായി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാതെയും ഇനി എന്ന് അധികാരത്തില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷയില്ലാതെയും നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ ഇത്തരം നാണംകെട്ട രാഷ്ട്രീയ നാടകങ്ങളും പാര്‍ട്ടിയെ നാണംകെടുത്തുന്ന വ്യാജ വാര്‍ത്താ പ്രചരണവും അരങ്ങേറുന്നതെന്നതാണ് പ്രവര്‍ത്തകരെ നിരാശരാക്കുന്നത്. ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകര്‍ന്നു നല്‍കാനുള്ള സമയത്താണ് ഇത്തരം ഗ്രൂപ്പ് നീക്കങ്ങള്‍.