ഭാരത് ബന്ദ്: തിങ്കളാഴ്ച കെഎസ്‌ആര്‍ടിസിയുടെ പതിവ് സര്‍വീസ് ഉണ്ടാകില്ല

തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദ് നാളെയാണ്. മൂന്ന് കാര്‍ഷിക ബില്ലും വൈദ്യുത ബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദ് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. കേന്ദ്ര ട്രേഡ് യൂണിയനുകളും ബഹുജന സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. കൂടാതെ ഭാരത് ബന്ദിന് പിന്തുണച്ച്‌ കേരളത്തിലെ ഭരണകക്ഷിയായ ഇടത് മുന്നണി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ കേരളത്തില്‍ നാളെ ഹര്‍ത്താലിന്റെ പ്രതീതിയായിരിക്കും.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍വീസുകള്‍ സാധാരണ ഗതിയില്‍ ഉണ്ടായിരിക്കുകയില്ലെന്ന് അറിയിച്ചിരിക്കുകയാണ് കെ എസ് ആര്‍ ടി സി. ചില തൊഴിലാളി സംഘടനകള്‍ സെപ്തംബര്‍ 27 (തിങ്കളാഴ്ച്ച) രാവിലെ 06.00 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാന്‍ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കെഎസ്‌ആര്‍ടിസി പത്രക്കുറിപ്പില്‍ അറിയിച്ചു.