റീസ്ട്രക്ചറിങ് നടപടി; ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ആഗോളതലത്തില്‍ നടക്കുന്ന റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ. പിരിച്ചുവിടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകില്ലെന്നും താമസിയാതെ ഇക്കാര്യത്തില്‍ വിശദീകരണം നല്കാമെന്നുമാണ് നോക്കിയയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ശമ്പള ഇനത്തിലും മറ്റും ജീവനക്കാര്‍ക്ക് ചെലവുവന്ന തുക ഇനി മുതല്‍ റിസര്‍ച്ചിലും ഡെവലപ്‌മെന്റിനും വേണ്ടി ആയിരിക്കും ഉപയോഗിക്കുക. ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി ഇന്ത്യയടക്കം ആഗോളതലത്തില്‍ തന്നെ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കും. ഇന്ത്യയില്‍ ബംഗളൂരു, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയിഡ എന്നിവിടങ്ങളിലാണ് പ്രധാനമായും നോക്കിയയുടെ പ്രവര്‍ത്തനം. കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രം ചെന്നൈയിലാണ്. ബംഗളൂരുവില്‍ ഒരു ഫാക്ടറിയും നോക്കിയയ്ക്കുണ്ട്.

ഇതിന് പുറമേ രാജ്യത്തെ 26 നഗരങ്ങളില്‍ കമ്പനിയ്ക്ക് പ്രൊജക്റ്റ് ഓഫിസുകളുണ്ട് . നോയ്ഡയിലും ചെന്നൈയിലും ഗ്ലോബല്‍ സര്‍വീസ് ഡെലിവറി സെന്ററുകളുണ്ട്. ഇവിടെ മാത്രം 4,200 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഏഷ്യ പസഫിക് റീജിയനില്‍ മാത്രം കമ്പനിയ്ക്ക് 20,511 ജീവനക്കാരുണ്ട്. ഇതില്‍ 15,000 ത്തിലധികം പേരും ജോലി ചെയ്യുന്നതും ഇന്ത്യയിലാണ്.