മോളെ അവസാനമായി ഒരു നോക്ക് കാണാൻ അനുവദിച്ചില്ല, ഞങ്ങളെ ചതിച്ചു

ഡെറാഡൂൺ. ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം അവസാനമായി പെറ്റമ്മക്ക് ഒരു നോക്ക് കാണാൻ അനുവദിച്ചില്ലന്ന് പരാതി. മകളെ അവസാനമായി ഒന്നുകാണാൻ തന്നെ സമ്മതിച്ചില്ലെന്ന സങ്കടമാണ് മാതാവിനുള്ളത്. അങ്കിതക്ക് നീതി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡിൽ വൻ പ്രക്ഷോഭങ്ങൾ നടക്കുമ്പോഴാണ് അമ്മയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. അങ്കിതയെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ എതിർത്തതിനാൽ കൊലപ്പെടുത്തിയെന്നാണു കേസ്.

മകളുടെ മൃതദേഹം ധൃതിയിലാണു സംസ്കരിച്ചത്. മകളുടെ അടുത്തേക്കെന്നു പറഞ്ഞ് അധികൃതർ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവർ ഭർത്താവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. താമസിക്കുന്ന വനപ്രദേശത്തുനിന്ന് എന്നെ ഇവിടേക്കാണ് എത്തിച്ചത്. ഡോക്ടർമാർ വീൽച്ചെയറിൽ ഇരുത്തി. ഇതെന്തിനാ ണെന്നു ചോദിച്ചെങ്കിലും ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഞരമ്പിലേക്ക് കുത്തിവയ്പ് നടത്തി ഒരു വിഡിയോയും റെക്കോർഡ് ചെയ്യുകയുണ്ടായി. അങ്കിതയുടെ അമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെപ്പറ്റി പറഞ്ഞിരിക്കുന്നു.

‘അങ്കിതയുടെ സംസ്കാരചടങ്ങ് നടക്കുന്നിടത്തേക്ക് കൊണ്ടുപോകുമെന്നു പറഞ്ഞാണ് നാലഞ്ച് ആളുകൾ വരുന്നത്. പക്ഷേ അതുണ്ടായില്ല. ഞാൻ അവളുടെ അമ്മയാണെന്നു പറഞ്ഞു. എനിക്ക് അസുഖമൊന്നുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞു നോക്കി. അവരെന്നെ കബളിപ്പിച്ചാണ് ഇവിടെ എത്തിച്ചത്. തദ്ദേശ ഭരണകൂട ഓഫിസിനു മുന്നിൽ എന്നെ ഇരുത്തിയത് വെറും ഷോ ആയിരുന്നു. ഈ സംഭവത്തിൽ അധികാരികൾ ഞങ്ങളെ ചതിക്കുകയായിരുന്നു’ – അങ്കിതയുടെ അമ്മ പറഞ്ഞിരിക്കുന്നു.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസംതൃപ്തി അറിയിച്ചതിനെ തുടർന്ന്, അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാതിരിക്കുകയായിരുന്നു. തുടർന്ന് അധികൃതർ അവരെ അനുനയിപ്പിക്കുകയാണ് ഉണ്ടായത്. കാണാതായ അങ്കിതയുടെ മൃതദേഹം ശനിയാഴ്ചയാണ് ഋഷികേശിനു സമീപം ചീല കനാലിൽനിന്നു കണ്ടെത്തുന്നത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹരിദ്വാറിലെ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയാണു കേസിലെ മുഖ്യപ്രതി. സംഭവത്തോടെ വിനോദ് ആര്യയുടെ കുടുംബങ്ങളെ അടക്കം ബി ജെ പിയിൽ നിന്ന് പുറത്തക്കിയിരുന്നു.