മുഖ്‌താർ അൻസാരിയുടെ സഹോദരൻ അഫ്‌സൽ അൻസാരിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കി

കുപ്രസിദ്ധ ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്‌താർ അൻസാരിയുടെ സഹോദരൻ അഫ്‌സൽ അൻസാരിയെ ഏപ്രിൽ 29 മുതൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യ നാക്കിയതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി. ഗുണ്ടാ നിയമപ്രകാരം 2007ലെ ഒരു കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് അഫ്‌സൽ അൻസാരിയുടെ അയോഗ്യത സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നിട്ടുള്ളത്.

2007ൽ അൻസാരി സഹോദരന്മാർക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കുകയും 2022ൽ അവർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം ചുമത്തുകയും ചെയ്‌തിരുന്നു. ഇരുഭാഗവും കേട്ടശേഷമാണ് കോടതി ഇരുവർക്കും ശിക്ഷ വിധിക്കുന്നത്. ഉത്തർപ്രദേശിലെ ഗാസിപൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ബിഎസ്‌പി എംപിയായ അഫ്‌സലിന്, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ലോക്‌സഭാംഗത്വം നഷ്‌ടപ്പെട്ടു, ഈ നിയമപ്രകാരം ഏതെങ്കിലും അംഗം കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാക്കപ്പെടുകയാണ് പതിവ്.

അടുത്തിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ, ബിജെപിയുടെ വിക്രം സൈനി എന്നിവർക്ക് ഇതേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം എംപി പദവി നഷ്‌ടപെടുകയായിരുന്നു. യുപിയിലെ ബന്ദ ജയിലിൽ കഴിയുന്ന മുഖ്‌താർ അൻസാരി ഉത്തർപ്രദേശിലെ മൗ സദർ നിയമസഭാ സീറ്റിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ എംഎൽഎയായിരുന്നു. എന്നാൽ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല, ഈ സീറ്റ് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയ്ക്ക് വേണ്ടി മത്സരിച്ച അദ്ദേഹത്തിന്റെ മകൻ അബ്ബാസ് അൻസാരി നൽകുകയായിരുന്നു.