കെ.എസ്.ആർ.ടി.സി ബസിൽ വീണ്ടും യുവതിക്കു നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ

ഇടുക്കി: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ കൊടകര സ്വദേശി സിജുവിനെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കുമളിയിലേക്ക് പോയ ബസിലാണ് സംഭവം.

പെൺകുട്ടിയുടെ അടുത്തേക്ക് വന്നാണ് സിജു നഗ്നതാ പ്രദർശനം നടത്തിയത്. പെൺകുട്ടി ഇത് ചോദ്യം ചെയ്തതോടെ ബഹളം കേട്ട് ബസ് ജീവനക്കാരും സഹയാത്രികരുമിടപെട്ടു. തുടർന്ന് ബസ് തങ്കമണി പോലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം സിജുവിനെ ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേ സമയം നഗ്‌നത പ്രദർശനം നടത്തിയിട്ടില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. നഗ്‌നത പ്രദർശനം നടത്തിയതിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിജുവിനെതിരെ കേസെടുത്തിരിക്കുന്നത്.