അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കി ഒസിസിആര്‍പി വെളിപ്പെടുത്തൽ, ഓഹരികൾ കൂപ്പുകുത്തി, 35,600 കോടിയുടെ ഇടിവ്

മുംബൈ. അദാനി ഗ്രൂപ്പ് കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകൾ പുറത്തായതിന് പിന്നാലെ അദാനി ഓഹരികളിൽ വൻ ഇടിവ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അലയൊലികള്‍ അടങ്ങും മുൻപാണ് അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ആരോപണം ഉയർന്നിരിക്കുന്നത്. അദാനി എന്‍റർപ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്ട്സ്, അദാനി പവർ, അദാനി എനർജി സോലൂഷൻസ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ്, എൻ.ഡിടിവി, സ്പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ് തിരിച്ചടി നേരിട്ടത്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അദാനി എന്‍റർപ്രൈസസ് ഓഹരികൾ 5.11 ശതമാനം ഇടിഞ്ഞ് 2,385 രൂപയിലെത്തി. അദാനി പോർട്ട്സ് 2.92 ശതമാനം ഇടിഞ്ഞ് 795.10 രൂപയിലും അദാനി പവർ 4.45 ശതമാനം ഇടിഞ്ഞ് 313.80 രൂപയിലുമെത്തി. അദാനി എനർജി സൊല്യൂഷൻസ് (അദാനി ട്രാൻസ്മിഷൻ) 3.53 ശതമാനവും ഇടിഞ്ഞു. അദാനി ഗ്രീൻ 4.37 ശതമാനം ഇടിഞ്ഞ് 928.25 രൂപയിലെത്തി. അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ്, എസിസി, എൻ.ഡി.ടി.വി എന്നിവ 3.2 ശതമാനം വരെയും ഇടിഞ്ഞു.

മൗറിഷ്യസില്‍നിന്ന് സുതാര്യമല്ലാത്ത നിക്ഷേപം അദാനി ഓഹരികളിലേക്ക് എത്തിയെന്നും അദാനി കുടുംബവുമായി ബന്ധമുള്ളവരില്‍നിന്നാണ് ഇതെന്നുമാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒസിസിആര്‍പി) ആരോപിക്കുന്നത്. ഓഹരി വില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ ആരോപണമുയര്‍ത്തിയത്. ചാങ് ചുങ് ലിങ്ങും നാസർ അലി ഷഹബാൻ അലിയും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ കമ്പനിയിലെ ഡയറക്ടർമാരാണ്. മൗറീഷ്യസ് ആസ്ഥാനമായ കമ്പനി വഴിയാണ് ഇവർ ഓഹരി വാങ്ങി കൂട്ടിയതെന്നും ഒ.സി.സി.ആർ.പി വെളിപ്പെടുത്തുന്നു.

ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ തള്ളി അദാനി ഗ്രൂപ്പ് രംഗത്തുവന്നെങ്കിലും ഓഹരി വിപണിയില്‍ അദാനി കമ്പനികളുടെ ഓഹരികള്‍ വന്‍ ഇടിവു നേരിട്ടു. 2013-18 കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടന്നിട്ടുള്ളതെന്നും കൃത്രിമം കാണിച്ച് ഓഹരി വില ഉയര്‍ത്താന്‍ ഈ നിക്ഷേപങ്ങളിലൂുടെ ഗ്രൂപ്പ് നീക്കം നടത്തിയെന്നും ഒസിസിആര്‍പി പറയുന്നു.