ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ തീരുമാനം വൈകുന്നത് എന്ത്‌കൊണ്ടെന്ന് വ്യക്തമാക്കണമെന്ന് അഞ്ജു ബോബി ജോര്‍ജ്

ടോക്യോ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ തീരുമാനം വൈകുന്നത് എന്ത്‌കൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്. അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നതെന്നും അഞ്ജു ബോബി ജോര്‍ജ്ജ് ചോദിച്ചു. പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ പേടിയും ബുദ്ധിമുട്ടും എന്താണെന്ന് അറിയില്ല.

തീരുമാനം വൈകുന്നതിലുള്ള കാരണം എന്താണെന്ന് കായികമന്ത്രിയും മുഖ്യമന്ത്രിയും അറിയിക്കണമെന്നും അഞ്ചു അറിയിച്ചു. സര്‍ക്കാരുമായി ഇക്കാര്യം സംസാരിക്കാനില്ലെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. പി ആര്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസഫ് രംഗത്തെത്തിയിരുന്നു. ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിലാണ് ശ്രീജേഷും ടീമും വെങ്കലം സ്വന്തമാക്കിയത്. ശ്രീജേഷിന്റെ മികവിലായിരുന്നു ഈ നേട്ടം.

കേരളത്തിലേക്ക് 2021 ല്‍ ഒളിമ്പിക് മെഡല്‍ ലഭിച്ചതിന്റെയും 41 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുന്നതിന്റെയും ക്രെഡിറ്റാണ് ശ്രീജേഷിലൂടെ പിറന്നത്. സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് ഇതുവരെ പാരിതോഷികം നല്‍കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ശ്രീജേഷിന് ഒരു കോടി രൂപ വി പി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഹോക്കി അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.