ആരാടാ കഞ്ചാവ്, കഞ്ചാവല്ല പഞ്ചാബ്.. കെട്ടിയ വാച്ച് സമ്മാനമായി നല്‍കിയ അബിക്ക, ഓര്‍മകള്‍ പങ്കുവെച്ച് ഒമര്‍ ലുലു

മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായിരുന്ന അബി ഓര്‍മയായിട്ട് നാല് വര്‍ഷം തികയുകയാണ്. വളരെ ആകസ്മികമായിരുന്നു അബിയുടെ വിയോഗം. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ സംവിധായകന്‍ ഒമര്‍ ലുലു പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ അബിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അബിക്ക നമ്മളെ വിട്ട് പോയിട്ട് 4 വര്‍ഷം എന്ന തലക്കെട്ടോടെ ആ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഒമര്‍ ലുലു പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് ചിത്രത്തിന് പ്രതികരണവുമായി എത്തിയത്. കൂട്ടത്തില്‍ അബിക്കാടെ ഡയലോഗ് ആരാടാ കഞ്ചാവ്? കഞ്ചാവല്ല പഞ്ചാബ് എന്നൊരു കമന്റിട്ടിരുന്നു. ആ കമന്റിന് മറുപടിയായി ഒമര്‍ ലുലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സ്‌ക്രിപ്റ്റിലില്ലാത്ത ഡയലോഗ് ആയിരുന്നു അതെന്നും എല്ലാവരും അപ്പോള്‍ ചിരിച്ചു. ഇതു കേട്ട് ഷറഫുദ്ദീന്‍ ഈ ഡയലോഗ് കൂടി ചേര്‍ത്തൂടെ എന്ന് ചോദിച്ചു. താന്‍ യെസ് പറഞ്ഞു. ഇത് ചേര്‍ത്തതിന് അബി തനിക്ക് ഒരു ടൈറ്റാന്‍ വാച്ച് സമ്മാനമായി നല്‍കിയെന്നും ഒമര്‍ പറഞ്ഞു,.

ഒമറിന്റെ കുറിപ്പ്:

അബിക്കാടെ ഡയലോഗ് ആരാടാ കഞ്ചാവ്?കഞ്ചാവല്ല പഞ്ചാബ്.. എന്ന കമ്മന്റ് കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഹാപ്പിവെഡ്ഡിങ്ങിന്റെ ഷൂട്ടിംഗ് സമയം ഓര്‍ത്ത് പോയി. ആ കമ്മന്റില്‍ പറഞ്ഞത് ശരിയായിരുന്നു ആ ഡയലോഗ് അബിക്കാടെ തന്നെ ആയിരുന്നു സ്‌ക്രിപ്പ്റ്റില്‍ ഇല്ലാത്ത ഈ ഡയലോഗ് പെട്ടെന്ന് അബിക്ക പറഞ്ഞപ്പോള്‍ എല്ലാവരും കുട്ട ചിരി തുടങ്ങി ഷറഫ് നിര്‍ത്താതെ കുറെ നേരം ചിരിച്ചിട്ട് ചോദിച്ചു ഒമര്‍ ഇതുംകൂടി ചേര്‍ത്തുടെ എന്ന് ഞാന്‍ യെസ് പറഞ്ഞു. സീന്‍ കഴിഞ്ഞു പോകാന്‍ നേരത്ത് അബിക്ക എനിക്ക് ഒരു ഗിഫ്റ്റ് താജുക്കാടെ കയ്യില്‍ കൊടുത്തട്ടുണ്ട് എന്ന് പറഞ്ഞിട്ടു പോയി.

ഷുട്ട് കഴിഞ്ഞ് താജുക്ക എനിക്ക് അബിക്കാടെ ഗിഫ്റ്റ് തന്നൂ തുറന്ന് നോക്കിയപ്പോള്‍ ഒരു ടൈറ്റാന്റെ വാച്ച് ഞാന്‍ അബിക്കായെ വിളിച്ച് താങ്ക്‌സ് പറഞ്ഞു,അബിക്ക പറഞ്ഞു ഷറഫ് പറഞ്ഞ സമയം തന്നെ ഒന്നും ആലോചിക്കാതെ ആ ഡയലോഗ് നീ എനിക്ക് കൂട്ടി തന്നില്ലേ നിനക്ക് ഈഗോ ഇല്ലാ. നിന്റെ നല്ല സമയമാ ഒമറേ. നല്ല സമത്ത് ഈഗോ ഉണ്ടാവില്. അതാ ഞാന്‍ കെട്ടിയിരുന്ന വാച്ച് താജുക്കാടെ കയ്യില്‍ നിനക്ക് സമ്മാനമായി കൊടുത്ത് പോയത്. ഓര്‍മ്മപ്പൂക്കള്‍ അബിക്ക..