ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; ബൂസ്റ്റര്‍ ഡോസ് വേണം

ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ് മുന്നറിയിപ്പ് നല്‍കി. ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ ഒമിക്രോണ്‍ കാരണമാകുമെന്നും ഒരു ഘട്ടത്തിനു ശേഷം ഈ വൈറസിന്‍റെ വ്യാപനം തടയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും സിഎന്‍ബിസിക്ക് അഭിമുഖത്തില്‍ ഡോ. കാങ് പറഞ്ഞു.

കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസിന് രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയ്ക്കെതിരെ 70-75 ശതമാനം സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്നും ഡോ. കാങ് ചൂണ്ടിക്കാട്ടി. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കായുള്ള ബൂസ്റ്റര്‍ ഡോസ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിക്കേണ്ടിയിരുന്നതായും ഡോ. കാങ് പറഞ്ഞു. ഒമിക്രോണിനെ ചെറുക്കുന്നതിന് യുകെയില്‍ 30 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചിരുന്നു.

വാക്സീന്‍ എടുത്തവരിലും ഒമിക്രോണിനെ തുടര്‍ന്ന് വ്യാപകമായ തോതില്‍ വീണ്ടും കോവിഡ് ബാധിക്കപ്പെടുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ ഡേറ്റ ചൂണ്ടിക്കാണിച്ചു കൊണ്ട് ഡോ. കാങ് പറഞ്ഞു. യുകെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും സമാനമായ സൂചനകളാണ് നല്‍കുന്നത്. വാക്സീന്‍ എടുത്തവര്‍ക്കുണ്ടാകുന്ന കോവിഡ് അണുബാധയെ സംബന്ധിച്ച തനത് ഡേറ്റ ഇന്ത്യ ശേഖരിക്കേണ്ടതുണ്ടെന്നും നിലവിലെ രണ്ട് വാക്സീനുകള്‍ക്ക് പുറത്തേക്കും പഠനം വ്യാപിപ്പിക്കണമെന്നും ഡോ. കാങ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഉള്‍പ്പെടെ അറുപതിലധികം രാജ്യങ്ങളില്‍ കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഡിസംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 49 ഒമിക്രോണ്‍ കേസുകള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയത്.