ഓണക്കിറ്റിലെ ശർക്കര: 35 കമ്പനികൾ എത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര: വിതരണക്കാരെ കരിമ്പട്ടികയിൽ പെടുത്താതെ സപ്ലൈകോ

തിരുവനന്തപുരം: ഏറെ വിവാദം നിറഞ്ഞതാണ് ഓണക്കിറ്റിലെ ശർക്കര വിഷയം. പാൻമസാല, തവള, ബീഡിക്കുറ്റി, ഷഡി എന്നുവേണ്ട പലതരം വിഭവങ്ങളാണ് നാട്ടുകർക്ക് ഓണക്കിറ്റ് വഴി ലഭിച്ചത്. ഓണക്കിറ്റിലെ ശർക്കര ഗുണനിലവാരം കുറഞ്ഞതാണെന്ന് തെളിഞ്ഞിട്ടും കമ്പനികൾക്കെതിരെ നടപടിയെടുക്കാതെ ഉരുണ്ടുകളിക്കുകയാണ് സപ്ലൈക്കോ. ശർക്കര മാത്രമല്ല, പപ്പടവും ​ഗുണനിലവാരമില്ലാത്തത് ആയിരുന്നു.

വിതരണക്കാരെ കരിമ്പട്ടികയിൽ പെടുത്താനും, പിഴ ഈടാക്കാനും വ്യവസ്ഥ ഉള്ളപ്പോഴാണ് നടപടിയെടുക്കുന്നതിൽ സപ്ലൈകോ കാലതാമസം വരുത്തുന്നത്. പരാതികളുണ്ടായ സാഹചര്യത്തിൽ ഓണക്കിറ്റിലെ പപ്പടം കൂടി പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നും ഇതിൻറെ ഫലം വന്നശേഷം കമ്പനികൾക്കെതിരെ നടപടി തീരുമാനിക്കുമെന്നുമാണ് സപ്ലൈക്കോ സിഎംഡിയുടെ വിശദീകരണം.

വിതരണത്തിനായി എത്തിച്ച 500 ലോഡ് ശർക്കരയിൽ നിന്ന്, സംശയം തോന്നിയ 71 സാമ്പിളുകളാണ് സപ്ലൈക്കോ പരിശോധനകൾക്കായി അയച്ചത്. ഇതിൽ 35 ലോഡുകളും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. മാർക്കറ്റ് ഫെഡ് എത്തിച്ച ശർക്കരയും ഇതിൽ ഉൾപ്പെടും. എന്നാൽ ഗുരുതര ക്രമക്കേട് നടത്തിയ വിതരണക്കാർക്കെതിരെ ഒരു അടിയന്തര നടപടിയും ഇത് വരെയും സപ്ലൈക്കോയിൽ തുടങ്ങിയിട്ടില്ല. സ്കൂൾ കിറ്റ് വിതരണത്തിനുള്ള ഇ ടെണ്ടർ നടപടികൾക്ക് തുടക്കമായി. മാത്രമല്ല വരുന്ന നാല് മാസം കൂടി ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സർക്കാർ തീരുമാനം.

വിതരണത്തിനായി തയ്യാറാക്കിയ 75 ശതമാനത്തിലധികം ഓണക്കിറ്റുകളും ഉപഭോക്താക്കളുടെ വീടുകളിലെത്തി. ഓണവും കഴിഞ്ഞു. നിലവാരം പോരെന്ന പരാതി ഏറെ കേട്ടത് ശർക്കരയിലും,പപ്പടത്തിലും. പരാതികൾ വ്യാപകമാകുമ്പോഴും ഈ ഉത്പന്നങ്ങൾ വിതരണത്തിനായി എത്തിച്ച കമ്പനികൾക്കെതിരെ ഒരു നടപടിയുമായിട്ടില്ല.