തൃപ്രയാറില്‍ തോട്ടിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

തൃശ്ശൂർ: തൃപ്രയാറിൽ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ് റയാനാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹയ ഫാത്തിമ, മുഹമദ് അയാൻ എന്നിവരാണ് സഹോദരങ്ങൾ.

അതേസമയം , കാൽ വഴുതി മണിമലയാറ്റിൽ വീണ വയോധിക മരിച്ചു. മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്.
മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രാവിലെ 6 മണിയോടെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ മുരളീധരൻ നായർ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. പുഴയിൽ ഈ ഭാഗത്ത് ചെളി നിറഞ്ഞതിനാൽ പിന്നീട് തിരിച്ച് കയറാനാവാഞ്ഞതാകാം മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി.