തടി കയറ്റിവന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തലകീഴായി മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തല കീഴായി മറിഞ്ഞു യുവാവ് മരിച്ചു. വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോസ്മോന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

ജോസ്മോന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മുവ്വാറ്റുപുഴ ആരക്കുഴ റോഡില്‍ പെരുമ്പല്ലൂരിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിതീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് 7:30 ഓടെയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പോവുകയായിരുന്ന ജീപ്പ് എതിർദേശിൽ തടി കയറ്റിവന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.