അശ്രദ്ധ, ഒന്നര വയസ്സുകാരി കാറിന്റെ ഡിക്കിക്കുള്ളിൽ കുടുങ്ങി

കാറിന്റെ ഡിക്കി വെറുതെ തുറന്നിടുന്നവർ ശ്രദ്ധിക്കുക. തിരുവനന്തപുരം കോവളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരന്നര വയസ്സുകാരി കാറിന്റെ ഡിക്കിക്കുള്ളിൽ ലോക്കായിപ്പോയി. കളിക്കുന്നതിനിടെ കാറിന്റെ ഡിക്കിയിൽ കുട്ടി കയറുകയായിരുന്നു. കയറിയപാടേ കുട്ടി ഡിക്കിയുടെ വാതിൽ അടയ്ക്കുകയും ചെയ്തു. കോവളം കമുകിൻകോട് സ്വദേശി അൻസാറിന്റെ മകൾ അമാനയാണ് ഡിക്കിക്കുള്ളിലായത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കുട്ടിയെ നിന്നനിൽപ്പിൽ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് ഡിക്കിക്കുള്ളിൽ ആളുണ്ടെന്നു മനസിലായത്.

നിന്നനിൽപ്പിൽ കാണാതായ കുട്ടിയെ അന്വേഷിച്ച മാതാപിതാക്കൾ ഡിക്കിക്കകത്ത് നിന്നുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കുട്ടി ഡിക്കിക്കുള്ളിൽ കുടുങ്ങിപ്പോയെന്ന് മനസ്സിലായത്. ഡിക്കിയിൽ പ്രവേശിച്ച ഉടനെ കുട്ടി വാതിലടക്കുകയായിരുന്നു. പിന്നീട് കാറിന്റെ താക്കോൽ തേടിയായിരുന്നു വീട്ടുകാരുടെ ഓട്ടം. എന്നാൽ താക്കോലും കുട്ടിയുടെ കൈയ്യിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും പരിഭ്രാന്തരായി. കാറിന്റെ വാതിലോ ഡിക്കിയോ തുറക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചുമില്ല. ഇതനിടെ വിഴിഞ്ഞം അഗ്നിശമന സേനയെ വിവരമറിച്ചു.

സ്ഥലത്തെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്കെയിൽ ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ താഴ്ത്തി വാതിൽതുറന്നു. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.കെ. രവീന്ദ്രൻ, സീനിയർ ഫയർ ഓഫീസർ രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.\