ഉമ്മൻചാണ്ടിയെ അവസാനമായി കാണാൻ ദർബാർ ഹാളിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങൾ, പൊട്ടിക്കരഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു. പുതുപ്പള്ളി ഹൗസിലെന്നതുപോലെ വൻ ജനാവലിയാണ് സെക്രട്ടേറിയറ്ര് പരിസരത്തും അദ്ദേഹത്തെ ഒരുനോക്ക് കാണാൻ എത്തിയത്. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ പതിനായിരങ്ങളാണ് ജഗതിയിലെ വീട്ടിലെത്തിയത്. വീട്ടിനുള്ളിലേക്ക് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം എത്തിക്കുമ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ദർബാർ ഹാളിൽ ഉമ്മൻചാണ്ടിയ്‌ക്ക് അന്തിമോപചാരമർപ്പിച്ചു. ഉമ്മൻചാണ്ടിയുടെ മരണത്തോടെ വലിയൊരദ്ധ്യായമാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി അനുസ്‌‌മരിച്ചു, ഉമ്മൻചാണ്ടിയുടെ മൃതദേഹം കണ്ട മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണി, വി.എം സുധീരൻ എന്നിവർ പൊട്ടിക്കരഞ്ഞു. ഉമ്മൻചാണ്ടിയുടെ മക്കളെ ചേർത്തുപിടിച്ച ആന്റണി അവരെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.

അഞ്ച് മണിയോടെയാണ് ദർബാർ ഹാളിൽ പൊതുദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ ഉമ്മൻചാണ്ടിയെ ഒരു നോക്ക് കാണാൻ ജനങ്ങൾ ഒഴുകിയെത്തിയതോടെ സമയക്രമത്തിൽ താമസം ഉണ്ടായി. ദർബാർ ഹാളിൽ നിന്നും അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പ്രാർത്ഥനയ്‌ക്കായി പോയിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും പൊതുദർശനം ഉണ്ടാകും. ശേഷം, കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. രാത്രി തിരുവനന്തപുരത്തെ വസതിയിലേയ്ക്കു തന്നെ മൃതദേഹം കൊണ്ടുപോകും.

ഇന്ന് പുലർച്ചെ 4.30ഓടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ബംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ വിമാനത്താവളത്തിലും എത്തിയത്.