ചെന്നിത്തലയ്ക്ക് എന്റെ മറ ആവശ്യമില്ല,​ തിരുവഞ്ചൂരിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് പൊതു പ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെന്നിത്തലയ്‌ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തെ സംബന്ധിച്ച്‌ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

‘രമേശ് ചെന്നിത്തല ദേശീയ തലത്തിലും കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന്‍റെ പൊതുപ്രവര്‍ത്തനത്തിന് ആരുടെയെങ്കിലും മറവേണമെന്ന് ഞാന്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ മറ ആവശ്യമില്ലെന്ന് എനിക്ക് നല്ല പോലെ അറിയാം’, ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി അധ്യക്ഷന്‍മാരെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നതിനെ എതിര്‍ത്ത് പറയാനും ഉമ്മന്‍ചാണ്ടി തയ്യാറായില്ല. അതൊക്കെ ഓരോരുത്തരുടെ അഭിപ്രായങ്ങളാണെന്നും അതിനെ കുറിച്ചൊന്നും താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തന്റെ പേര് ഉള്‍പ്പെടുത്തിയുള്ള തര്‍ക്കം സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.