തെറ്റ് പറ്റി; ഡാം തുറന്നത് മഹാപ്രളയത്തിന്റെ ആഘാതം കൂട്ടിയെന്ന് സി.എ.ജി.യോടു സമ്മതിച്ച് സർക്കാർ

2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ഡാമുകൾ കൂട്ടത്തോടെ തുറന്നതാണ് പ്രളയത്തിന്റെ പ്രഹരം കൂട്ടിയതെന്നു സമ്മതിച്ച് സർക്കാർ. മുല്ലപ്പെരിയാർ ഡാം പെട്ടെന്ന് തുറന്നു വിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നാണ് സർക്കാർ സി.എ.ജി.യെ അറിയിച്ചത്. കേരളത്തിലെ പ്രളയങ്ങളിലെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സി.എ.ജി.) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2018 ഓഗസ്റ്റ് 15 മുതൽ 18 വരെ കനത്തപ്രളയമുണ്ടായ സമയത്ത് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തുന്നതിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്നാണ് സർക്കാർ വിശദീകരണത്തിലുള്ളത്. ഒരു മുന്നറിയിപ്പുമില്ലാതെ ഏതുനിമിഷവും തമിഴ്‌നാട് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇടുക്കി അണക്കെട്ടിന്റെ ഭദ്രത ഉറപ്പുവരുത്താൻ, അതിൽനിന്ന് വെള്ളം നിയന്ത്രിതമായി തുറന്നുവിടൽ ഉറപ്പുവരുത്താനുള്ള സജ്ജീകരണം കെ.എസ്.ഇ.ബി.ക്ക് ചെയ്യേണ്ടിവന്നു. കനത്ത പ്രളയദിവസങ്ങളിൽ മുല്ലപ്പെരിയാറിൽനിന്ന് 169.97 എം.സി.എം. വെള്ളം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിഞ്ഞേനെയെന്നാണ് സർക്കാർ വിശദീകരിച്ചത്.

ഡാമിൽനിന്ന് വെള്ളം തുറന്നുവിടുന്നത് ‘റൂൾകർവ്’ അടിസ്ഥാനമാക്കിയാണ്. എന്നാൽ, പ്രളയകാലത്ത് റിസർവോയർ പ്രവർത്തനങ്ങൾക്ക് ഒരു റൂൾകർവും പിന്തുടർന്നിട്ടില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചതായും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു. ആവർത്തിച്ച് പ്രളയമുണ്ടായിട്ടും ജലനയം പരിഷ്കരിക്കാനോ പ്രളയപ്രതിരോധ വ്യവസ്ഥകൾ കൊണ്ടുവരാനോ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ലെന്ന് സി.എ.ജി. റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

പ്രളയം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും സംസ്ഥാനങ്ങളോട് 2012-ൽ ദേശീയ ജലനയത്തിൽ നിർദേശിക്കുന്നുണ്ട്. കേരളം ഇതനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചില്ല. 44 പുഴകളിൽ 42 എണ്ണത്തിന് മാസ്റ്റർ പ്ലാനില്ലെന്നും റിപ്പോർട്ടിലുണ്ട്. നാലു ജില്ലകളിൽ മാത്രം നടത്തിയ പരിശോധനയിൽ 913 ജലാശയങ്ങളിൽ കൈയേറ്റം കണ്ടെത്തി. സംസ്ഥാന റിവർമാനേജ്‌മെന്റ് അതോറിറ്റി രൂപവത്കരിച്ചില്ല. ദുരന്തഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ആശയവിനിമയ സംവിധാനം പരാജയമാണ്. 2.65 കോടി മുടക്കി സ്ഥാപിച്ച ഉയർന്ന ഫ്രിക്വൻസി ഉപകരണങ്ങളിൽ 82 ശതമാനവും പ്രവർത്തനരഹിതം. 17 അണക്കെട്ടുകളുള്ള ഇടുക്കിയിൽപ്പോലും നല്ല ഭൂകമ്പമാപിനികൾ സ്ഥാപിച്ചില്ല. 90 കോടി ചെലവിൽ സ്ഥാപിച്ച ഡിജിറ്റൽ ഉപകരണം വെറുതേയായി. 50.93 ലക്ഷത്തിന് വാങ്ങിയ ഗുരാൽപ് ഭൂകമ്പമാപിനി മൂന്നുവർഷമായി തിരുവനന്തപുരത്തെ ഓഫീസിൽ കെട്ടിക്കിടക്കുന്നു. സർക്കാരിനെതിരെ നിരവധി ആരോപണങ്ങളാണ് സി.എ.ജി. റിപ്പോർട്ടിലുള്ളത്.