ഓപ്പറേഷന്‍ താമര; ബിജെപിയുടെ ലക്ഷ്യം കോണ്‍ഗ്രസ്, സി.പി.എം. നേതാക്കള്‍

അതൃപ്തരായ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിടുന്ന ബി.ജെ.പി. മാസങ്ങൾക്കുമുമ്പുതന്നെ സംസ്ഥാനത്തെ സി.പി.എം. നേതാക്കളെയും പാർട്ടിയിലേക്ക്‌ ക്ഷണിച്ചു. നിയമസഭയിലേക്കുള്ള പോരാട്ടം മിഷൻ കേരളയ്ക്ക് ബി.ജെ.പി.യുടെ വടക്കേയിന്ത്യൻ മോഡൽ ‘ഓപ്പറേഷൻ താമര’ കേരളത്തിലും. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന വിജയൻ തോമസ് ബി.ജെ.പി.യിൽ ചേർന്നതിനു പിന്നാലെ, സീറ്റും കോടികളും വാഗ്ദാനംചെയ്ത് ബി.ജെ.പി. ഏജന്റ് സമീപിച്ചെന്നു കോൺഗ്രസ് നേതാവ് എം.എ. വാഹിദിന്റെ വെളിപ്പെടുത്തൽ ഇത്തരമൊരു ആരോപണത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

കോൺഗ്രസിന്റെ ദേശീയ വക്താവ് ടോം വടക്കൻ ബി.ജെ.പി.യിലെത്തിയതോടെയാണ് കേരള നേതാക്കളെ വട്ടമിട്ട് ബി.ജെ.പി. നീക്കം ശക്തമാക്കിയത്. 35 സീറ്റ് ലഭിച്ചാൽ ബി.ജെ.പി സർക്കാരുണ്ടാക്കുമെന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം പണമിറക്കി ചാക്കിട്ടുപിടിത്തം ലക്ഷ്യമിട്ടാണെന്ന് എൽ.ഡി.എഫും കുറ്റപ്പെടുത്തുന്നു.

സി.പി.എമ്മിലെ ചിലപ്രമുഖരെ വളരെ നേരത്തേതന്നെ ബി.ജെ.പി.യിലേക്ക്‌ ക്ഷണിച്ച് ഇടനിലക്കാർ സമീപിച്ചിരുന്നു. കണ്ണൂരിലെ ഒരു സംസ്ഥാനകമ്മിറ്റിയംഗത്തെയാണ് ആദ്യം സമീപിച്ചത്. അദ്ദേഹം വഴങ്ങിയില്ല. ബി.ജെ.പി. സംസ്ഥാനസമിതിയുടെ അറിവോടെയായിരുന്നില്ല ഈ നീക്കം.

അതൃപ്തരായ കോൺഗ്രസ് നേതാക്കളെയും യു.ഡി.എഫ്. അനുഭാവികളായ പ്രൊഫഷണലുകളെയും സർക്കാർ സർവീസിൽനിന്നു വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരെയും പാർട്ടിയിലെത്തിക്കാൻ ഇവരുടെ പട്ടിക തയ്യാറാക്കി ഊർജിത ശ്രമമാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം നടത്തുന്നത്. താത്പര്യമില്ലെന്നറിയിക്കുന്നവരോട്, മാനസാന്തരം വന്നാൽ വിളിക്കണമെന്നും അതിനു കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് ഇടനിലക്കാരുടെ മടക്കം. ഇനിയും കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിൽ വരുമെന്നാണ് കെ. സുരേന്ദ്രൻ ഞായറാഴ്ച പറഞ്ഞത്.