ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം. ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോടു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ മന്ത്രിസഭായോഗം തീരുമാനിച്ചതെന്തിനെന്ന് സതീശന്‍ ചോദിച്ചു. ആദ്യ ഉത്തരവ് റദ്ദാക്കാതെ അവ്യക്തതയുളള ഉത്തരവ് എന്തിന് രണ്ടാമതിറക്കി.

ഉപഗ്രഹ സര്‍വേയ്ക്ക് വാശിപിടിച്ചതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. റിപ്പോര്‍ട്ട് മൂന്നരമാസം എന്തിന് പൂഴ്ത്തി, റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ തിരിച്ചടിയായാല്‍ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏല്‍ക്കുമോ എന്നും സതീശന്‍ ചോദിച്ചു. വനമേഖലയ്ക്ക് സമീപം താമസിക്കുന്ന കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നു സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നേരിട്ടു സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. മലയോര പ്രദേശത്തെ ബഫര്‍സോണ്‍ മേഖലയെക്കുറിച്ചുള്ള ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ജനം ശക്തമായ പ്രതിഷേധത്തിലാണ്.