സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം. മുന്‍ മന്ത്രിക്കും മുന്‍ സ്പീക്കര്‍ക്കും എതിരെ സ്വപ്‌ന സുരേഷ് നടത്തിയ ലൈംഗിക ആരോപണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്‍ദോസിനോട് ചെയ്തത് മുന്‍ മന്ത്രിമാര്‍ക്ക് ബാധകമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു.ബിജെപിയും സിപിഎമ്മും ധാരണയിലാണ്. അതുകൊണ്ടാണ് ലാവലിന്‍ കേസ് 33 തവണയും മാറ്റിവെച്ചതെന്ന് അദ്ദേഹം പറയുന്നു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി വന്നപ്പോള്‍ ഞങ്ങള്‍ ആ സ്ത്രിയുടെ പശ്ചാത്തലം അന്വേഷിച്ച് പോയില്ല. പരിശോധിച്ച് നടപടി എടുക്കാം എന്നാണ് പറഞ്ഞത്. മുന്‍ മന്ത്രിമാര്‍ക്കെതിരെയാണ് സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചത്. നിരപരാധികളണെങ്കില്‍ അവരത് തെളിയിക്കണമെന്നും അദ്ദേഹം പറയുന്നു. ഗുരുതരമായ ആരോപണമാണ് സ്വപ്‌ന ഉന്നയിച്ചത്. കോടതിയില്‍ 164 സ്‌റ്റേറ്റ്‌മെന്റ് നല്‍കിയിട്ട് പോലൂം ഇഡി അന്വേഷിക്കുന്നില്ല. കാരണം ഇവര്‍ ധാരണയിലാണ്.

കേരളത്തില്‍ സിപിഎം തകരുന്ന കാര്യങ്ങള്‍ ഒന്നും ബിജെപി കേന്ദ്ര നേതൃത്വം ചെയ്യില്ല. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി ഇന്ന് തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.