നരേന്ദ്ര മോദി സർക്കാരിന് പിന്തുണ അറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ പിന്തുണ അറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സർക്കാരിന് സഭയുടെ പിന്തുണ അറിയിച്ചത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു ബസേലിയോസ് മാത്യൂസ് തൃതീയന്‍ മോദിയെ സന്ദർശിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഭയുടെ പിന്തുണ അറിയിച്ചു. പ്രധാനമന്ത്രിയുമായി സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് സഭാധ്യക്ഷന്‍ മാധ്യമങ്ങളോട് തുടർന്ന് പറഞ്ഞു. സഭ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട കാര്യവും സഭാ അധ്യക്ഷന്‍ അറിയിച്ചു.

‘വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരിപാടികളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അതേസമയം, ക്രിസ്ത്യന്‍ സഭകള്‍ക്കെതിരെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. തീര്‍ച്ചയായും പരാതികള്‍ ഉണ്ടാകും, അവ പ്രകടിപ്പിക്കുന്നത് തുടരും. പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമായി ഒരു ചര്‍ച്ചയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ സന്ദർശനാന്തരം പറഞ്ഞു.