ഓക്‌സ്ഫോർഡ്, സ്റ്റാൻഡ്‌ഫോർഡ് സർവകലാശാല കാമ്പസുകൾ ഇനി ഇന്ത്യൻ മണ്ണിലേക്ക്

ന്യൂഡൽഹി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതു നവീകരണത്തിന്റെ ഭാഗമായി പ്രമുഖ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ രാജ്യത്ത് അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. യേൽ, ഓക്‌സഫോർഡ്, സ്റ്റാൻഡ്‌ഫോർഡ് തുടങ്ങിയ പ്രമുഖ സർവകലാശാലകളുടെ ക്യാമ്പസുകൾ അനുവദിക്കുകയും വിദ്യാർത്ഥികൾക്ക് ബിരുദം സ്വീകരിക്കാനുള്ള അവസരം നൽകുകയും ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

രാജ്യത്താദ്യമായി വിദേശ സർവകലാശാലകളെ അനുവദിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടുന്നതിന് കരട് റിപ്പോർട്ട് കേന്ദ്രം തയ്യാറാക്കി. ഇന്ത്യയിലെയും വിദേശത്തെയും വിദ്യാർത്ഥികളെ ക്യാമ്പസിന്റെ ഭാഗമാക്കാമെന്നും അഡ്മിഷൻ മാനദണ്ഡങ്ങൾ ക്യാമ്പസുകൾക്ക് തന്നെ തീരുമാനിക്കാമെന്നും കരട് നിർദേശത്തിൽ പറഞ്ഞിരിക്കുന്നു.

കൂടാതെ ഫീസ്, സ്‌കോളർഷിപ്പ് എന്നിവയും വിദേശ സർവകലാശാലകളുടെ പ്രസ്തുത ക്യാമ്പസുകൾക്ക് തീരുമാനിക്കാം. വിദേശ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താങ്ങാവുന്ന ചിലവിൽ പ്രമുഖ സർവകലാശാലകളിൽ നിന്ന് ലഭ്യമാക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കാൻ തീരുമാനിച്ചിട്ടുള്ളത്.