പാര്‍ട്ടി നൈസായിട്ട് ഒഴിവാക്കിയിട്ടും മാസ് ഡയലോഗുമായി ജയരാജന്‍; പദവിയല്ല നിലപാടാണ് പ്രധാനമെന്ന് ജയരാജന്‍ p jayarajan out cpim state secretariate

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിലെ പാമ്ബന്‍മാധവന്‍ അനുസ്മര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പദവിയല്ല, നിലപാടാണ് പ്രധാനം. ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎം. വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയും ഇതാണ്. ഇതുപോലൊരു പ്രക്രിയ കോണ്‍ഗ്രസിനുണ്ടോയെന്നും സ്വന്തം ലാഭത്തിന് വേണ്ടി ഗ്രൂപ്പുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി ജയരാജനെ ഉള്‍പ്പെടുത്താത്തതില്‍ ജയരാജന്‍ അനുകൂലികളില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ പറയാനുള്ളത് മാത്രം പറഞ്ഞ് പി ജെ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ്.

സംസ്ഥാന സെക്രട്ടറിയേറ്റിൽ പി ജയരാജനെ ഉൾപ്പെടുത്താത്തിലുള്ള അനുയായികളുടെ പ്രതിഷേധം പക്ഷെ സാമൂഹ്യമാധ്യമങ്ങളിൽ അലയടിക്കുകയാണ്.  റെഡ് ആർമി എന്ന ഫേസ്ബുക്ക് പേജിൽ കടുത്ത പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ”പി ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്”, “സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം”, എന്നൊക്കെയുള്ള പോസ്റ്റുകൾ  പ്രചരിക്കുകയാണ്. ഒപ്പം പാർട്ടി വിലക്കിയ “കണ്ണൂരിൻ താരകമല്ലോ ” എന്ന പാട്ടുമുണ്ട്.

അനുകൂലികളുടെ പോസ്റ്റുകൾ ജയരാജൻ തന്നെ തള്ളി പറഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പി ജയരാജനെ ഒഴിവാക്കിയതിൽ അണികൾക്കിടയിൽ രോഷം പെട്ടെന്ന്  അടങ്ങും എന്ന് കരുതാനാവില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ അനുയായികൾ മുറവിളി കൂട്ടുമ്പോഴും താൻ പാർട്ടിക്ക് പൂർണമായി വിധേയമാണെന്ന് സന്ദേശമാണ് പി ജയരാജൻ നൽകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലും സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആ ഘട്ടത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം ശക്തമായി പ്രതിരോധിച്ചു. സമൂഹ മാധ്യമങ്ങളിൽ ജയരാജൻ അനുകൂലികളുടെ പരസ്യ പ്രസ്താവനകൾക്ക് പാർട്ടി വിലക്ക് കല്പിച്ചു. പി ജെ ആർമി എന്ന ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റി റെഡ് ആർമി എന്ന് ആക്കി പാർട്ടിയുടെ വരുതിയിലാക്കി.